സമാധാന കരാറിനിടയിലും ഇസ്രായേലും ഇറാനും വീണ്ടും യുദ്ധത്തിലേക്ക് നീങ്ങാൻ സാധ്യതയെന്ന് ഇസ്രായേൽ വിദേശകാര്യ സഹമന്ത്രി

 


ജെറുസലേം: നിലവിലെ സമാധാന കരാറുകൾക്കിടയിലും ഇസ്രായേലും ഇറാനും വീണ്ടും ഒരു യുദ്ധത്തിലേക്ക് മടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഇസ്രായേൽ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷാരൻ ഹാസ്‌കൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്ന് ജറുസലേമിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അവർ വ്യക്തമാക്കി. ഇറാനിലെ ഭരണരംഗത്ത് കാര്യമായ മാറ്റങ്ങൾ ഉണ്ടാകാതിരിക്കുകയും സംഘർഷത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ നിലനിൽക്കുകയും ചെയ്യുന്നിടത്തോളം കാലം യുദ്ധം വീണ്ടും ആളിക്കത്താൻ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മേഖലയിലെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകളെ ശരിവെക്കുന്നതാണ് വിദേശകാര്യ സഹമന്ത്രിയുടെ ഈ പ്രസ്താവന. പുതിയ കരാർ താൽക്കാലികമായി പിരിമുറുക്കങ്ങൾ കുറക്കാൻ സഹായിക്കുമെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രത്യയശാസ്ത്രപരമായ ഭിന്നതകൾക്ക് ഇത് പരിഹാരമാകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മേഖലയിലെ സായുധ പ്രോക്സി ഗ്രൂപ്പുകൾക്ക് ടെഹ്റാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കാനോ, ഇറാന്റെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നത് തടയാനുള്ള ഇസ്രായേലിന്റെ ദൃഢനിശ്ചയത്തെയോ ഈ കരാർ കാര്യമായി അഭിസംബോധന ചെയ്യുന്നില്ലെന്നും വിലയിരുത്തപ്പെടുന്നു.

ഇറാൻ ഭരണകൂടം ഇസ്രായേലിനോട് പുലർത്തുന്ന ദീർഘകാല ശത്രുത തുടരുന്നിടത്തോളം കാലം ഈ സമാധാന കരാർ നീണ്ടുനിൽക്കില്ലെന്ന് ഒരു ഇസ്രായേലി സൈനിക ഉദ്യോഗസ്ഥനും വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

വളരെ പുതിയ വളരെ പഴയ