ഹോർമൂസ് പ്രണാലി സാധാരണ നിലയിലേക്ക് ആദ്യ ഇന്ത്യൻ എൽഎൻജി കപ്പൽ ഇന്ന് ഗുജറാത്തിൽ എത്തും

 


ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ തന്ത്രപ്രധാനമായ ഹോർമൂസ് പ്രണാലി വഴിയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഉപരോധം പിൻവലിച്ചതിനെ തുടർന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യത്തെ എൽഎൻജി കപ്പലായ 'ദിശ' ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഈ കപ്പൽ മേഖലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

62,370 മെട്രിക് ടൺ ദ്രവീകൃത പ്രകൃതി വാതകവുമായാണ് കപ്പൽ ഇന്ത്യയിലെത്തുന്നത്. യുദ്ധമേഖലയിൽ നിന്ന് പുറത്തുകടക്കുന്ന ആദ്യ ഇന്ത്യൻ പതാക വഹിച്ച എൽഎൻജി കപ്പലാണിത്. ഇതിന് പിന്നാലെ ഇന്ധനവും രാസവളവും അടങ്ങിയ 34 ഇന്ത്യൻ കപ്പലുകൾ കൂടി ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് വിവരം.

ഹോർമൂസ് കടലിടുക്കിലെ തടസ്സങ്ങൾ നീങ്ങിയത് ആഗോള ഊർജ്ജ വിപണിക്കും ഇന്ത്യയ്ക്കും വലിയ ആശ്വാസമാണ് നൽകുന്നത്. നിലവിലെ സാഹചര്യങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കപ്പലുകളിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവും ഷിപ്പിംഗ് മന്ത്രാലയവും സംയുക്തമായി രംഗത്തുണ്ട്.


വളരെ പുതിയ വളരെ പഴയ