അബൂദബി: പ്രോസ്റ്റേറ്റ് കാൻസർ നിർണയ പ്രക്രിയ കൂടുതൽ വേഗത്തിലാക്കാനും ഫലങ്ങൾ അതീവ കൃത്യതയോടെ ലഭ്യമാക്കാനും സഹായിക്കുന്ന പുതിയ കൃത്രിമ ബുദ്ധി (എ.ഐ) സാങ്കേതികവിദ്യ യു.എ.ഇയിൽ അവതരിപ്പിച്ചു.
ബയോപ്സി ഫലങ്ങൾക്കായി രോഗികൾ ഏറെ ഉത്കണ്ഠയോടെ കാത്തിരിക്കുന്ന സമയം ഗണ്യമായി കുറക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു. രോഗനിർണയത്തിൽ അന്തിമ തീരുമാനം ഡോക്ടർമാരുടേത് തന്നെയായിരിക്കുമെങ്കിലും, ഈ അത്യാധുനിക സംവിധാനം മെഡിക്കൽ മേഖലയ്ക്ക് വലിയ തുണയാകും.
യു.എ.ഇയിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ 'എം 42വിന് കീഴിലുള്ള നാഷനൽ റഫറൻസ് ലബോറട്ടറി (എൻ.ആർ.എൽ), ഡിജിറ്റൽ പാത്തോളജി കമ്പനിയായ 'ക്രിറ്റീവ്' എന്നിവയുടെ സഹകരണത്തോടെയാണ് കാൻസർ നിർണയത്തിനായുള്ള പുതിയ എ.ഐ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
ഇതിന്റെ ഭാഗമായി ക്രിറ്റീവിൻ്റെ 'എ.ഐ പ്രോസ്റ്റേറ്റ് മൊഡ്യൂൾ' നിലവിൽ അബൂദബി ക്ലീവ്ലാൻഡ് ക്ലിനിക്കിലെ എൻ.ആർ.എൽ രോഗനിർണയ വിഭാഗത്തിൽ വിജയകരമായി സംയോജിപ്പിച്ചു കഴിഞ്ഞു.
ബയോപ്സിയിലൂടെ ശേഖരിക്കുന്ന കോശസാമ്പിളുകൾ ഡിജിറ്റലായി പരിശോധിച്ച്, കാൻസർ ബാധിക്കാൻ സാധ്യതയുള്ള ഭാഗങ്ങൾ കൃത്യമായി അടയാളപ്പെടുത്താനും രോഗത്തിന്റെ വ്യാപ്തിയും കാഠിന്യവും വിലയിരുത്താനും ഈ സംവിധാനത്തിന് കഴിയും. നിലവിൽ പാത്തോളജിസ്റ്റുകൾ മൈക്രോസ്കോപ്പിലൂടെ ദീർഘനേരം പരിശോധിച്ചാണ് കാൻസറിന്റെ തീവ്രതയും 'ഗ്ലീസൺ പാറ്റേണുകളും' നിർണയിക്കുന്നത്.
എന്നാൽ എ.ഐ സംവിധാനം വരുന്നതോടെ ഈ പ്രക്രിയ കൂടുതൽ എളുപ്പമാകും. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട 'ഐ.എസ്.യു.പി' മാനദണ്ഡങ്ങൾ പാലിച്ച് അതീവ സൂക്ഷ്മതയോടെ വിവരങ്ങൾ വിശകലനം ചെയ്യാൻ ഈ ടൂളിന് സാധിക്കുമെന്ന് എൻ.ആർ.എൽ മെഡിക്കൽ ആൻഡ് കൊമേഴ്സ്യൽ ഓപറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ശ്വേത നാരംഗ് പറഞ്ഞു.
പാത്തോളജിസ്റ്റുകൾക്ക് ഒരു 'കോ പൈലറ്റ്' ആയിട്ടായിരിക്കും ഈ എ ഐ സംവിധാനം പ്രവർത്തിക്കുക എന്നും അവർ കൂട്ടിച്ചേർത്തു.
സാധാരണയായി രോഗ നിർണയം നടത്തുമ്പോൾ ഉണ്ടാകാൻ ഇടയുള്ള ചെറിയ വ്യതിയാനങ്ങൾ പോലും ഇല്ലാതാക്കാൻ എ.ഐയുടെ സഹായത്തോടെ സാധിക്കുമെന്ന് ക്ലീവ്ലാൻഡ് ക്ലിനിക് അബൂദബിയിലെ പാത്തോളജി ആൻഡ് ലബോറട്ടറി മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചീഫ് ഡോ. ബാസൽ അൽത്രാബുൽസി വ്യക്തമാക്കി.
ബയോപ്സി സ്ലൈഡുകൾ പരിശോധിക്കുന്നതിൽ ഇതൊരു 'സെക്കൻഡ് റീഡർ' ആയി പ്രവർത്തിക്കും. പ്രോസ്റ്റേറ്റ് കാൻസറിന്റെ സ്വഭാവം മുൻനിർത്തിയാണ് ശസ്ത്രക്രിയ, റേഡിയോ തെറാപ്പി, അല്ലെങ്കിൽ കൃത്യമായ നിരീക്ഷണം എന്നിവയിൽ ഏത് ചികിത്സ വേണമെന്ന് തീരുമാനിക്കുന്നത്.
പ്രോസ്റ്റേറ്റ് കാൻസറുകൾ പല തരത്തിലുണ്ടെന്നും, സാവധാനം പടരുന്നവയ്ക്ക് കൃത്യമായ നിരീക്ഷണം മതിയെങ്കിൽ തീവ്രത കൂടിയവയ്ക്ക് ഉടനടി ചികിത്സ ആവശ്യമാണെന്നും ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടറും കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റുമായ ഡോ. ഹസൻ ജാഫർ ചൂണ്ടിക്കാട്ടി.
എ.ഐ സാങ്കേതികവിദ്യ ഒരു തീരുമാന സഹായ ഉപകരണം മാത്രമാണെന്നും, ക്ലിനിക്കൽ തീരുമാനങ്ങളിലും രോഗീ പരിചരണത്തിലും മെഡിക്കൽ വിദഗ്‌ധരുടെ അന്തിമ വിലയിരുത്തലുകൾ തന്നെയാണ് എപ്പോഴും നിർണായകമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
അത്യാധുനിക കുത്തിവെപ്പ് ഉപകരണം വികസിപ്പിച്ചു
നാഡി വ്യൂഹ സംബന്ധമായ അസുഖം ബാധിച്ചവർക്ക് സങ്കീർണമല്ലാത്ത ചികിത്സാരീതിക്ക് സഹായകമാകാം
ശസ്ത്രക്രിയയോ വയറുകളോ ബാറ്ററിയോ ഇല്ലാതെ കഠിനവേദനകൾക്കും ചലനവൈകല്യങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന അത്യാധുനിക കുത്തിവെപ്പ്'ഉപകരണം അബൂദബിയിൽ വികസിപ്പിച്ചു.
ന്യൂയോർക്ക് യൂനിവേഴ്സിറ്റി (എൻ.വൈ.യു.) അബൂദബിയിലെയും ക്ലീവ് ലാൻഡ് ക്ലിനിക്കിലെയും ഗവേഷകർ സംയുക്തമായാണ് ഒരു ചെറിയ വിത്തിന്റെ വലുപ്പം മാത്രമുള്ള ഈ വിപ്ലവകരമായ മെഡിക്കൽ ഉപകരണം തദ്ദേശീയമായി വികസിപ്പിച്ചത്.
നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങൾ ബാധിച്ചവർക്ക് ലളിതവും ഒട്ടും സങ്കീർണവുമല്ലാത്ത ചികിത്സാരീതിയാണ് ഇത് സമ്മാനിക്കുന്നത്.
സാധാരണ സൂചി ഉപയോഗിച്ച് ശരീരത്തിലേക്ക് കുത്തിവെക്കാൻ കഴിയുന്ന ഈ ഉപകരണം ലക്ഷ്യമിടുന്ന നാഡിക്ക്' സമീപമാണ് സ്ഥാപിക്കുക.
പുറത്തു നിന്നുള്ള വയർലെസ് സംവിധാനം വഴി ഇതിലേക്ക് ആവശ്യമായ ഊർജം എത്തിക്കാൻ കഴിയും. രോഗിയുടെ അവസ്ഥയ്ക്ക് അനുസരിച്ച് തത്സമയം ഇതിന്റെ പ്രവർത്തനം ഡോക്ടർമാർക്കോ രോഗികൾക്കോ നിയന്ത്രിക്കാനാകും.
അൾട്രാസൗണ്ട്, സി.ടി സ്കാൻ തുടങ്ങിയ സാധാരണ മെഡിക്കൽ ഇമേജിങ് സംവിധാനങ്ങളിലൂടെ ഈ ഉപകരണം ശരീരത്തിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താനും നിരീക്ഷിക്കാനും സാധിക്കും.
ലബോറട്ടറികളിലും പ്രീ-ക്ലിനിക്കൽ ഘട്ടങ്ങളിലും നടത്തിയ പരിശോധനകളിൽ നാഡീ ഉത്തേജനത്തിൽ ഈ ഉപകരണം മികച്ച ഫലപ്രാപ്തിയും കൃത്യതയും നൽകുന്നതായി തെളിഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി.
വലിയ ശസ്ത്രക്രിയകൾ ഒഴിവാക്കി നാഡീ സംബന്ധമായ രോഗങ്ങൾക്ക് ലളിതവും സുരക്ഷിതവുമായ ചികിത്സ ഉറപ്പാക്കാൻ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് എൻ.വൈ.യു അബൂദബിയിലെ ബയോ എൻജിനീയറിങ് അസി. പ്രൊഫസറും പഠനത്തിന്റെ മുഖ്യ രചയിതാവുമായ പ്രൊഫസർ ഖലീൽ റമാദി പറഞ്ഞു.
മെഡിക്കൽ രംഗത്തെ അക്കാദമിക കൂട്ടായ്മകൾക്ക് രോഗീ പരിചരണത്തിൽ എത്രത്തോളം വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ നേട്ടമെന്ന് ക്ലീവ്ലാൻഡ് ചീഫ് അക്കാദമിക് ഓഫിസർ ഡോ. സൗസൻ അബ്ദുൽ റാസിഖ് വ്യക്തമാക്കി.
നിലവിലുള്ള പരമ്പരാഗത ഇംപ്ലാന്റുകൾക്കും മരുന്നുകൾക്കും ഇടയിലുള്ള വലിയ വിടവ് നികത്താൻ ഈ സാങ്കേതികവിദ്യക്ക് സാധിക്കുമെന്ന് പഠനത്തിൽ പങ്കാളിയായ എൻ.വൈ.യു അബൂദബിയിലെ റിസർച്ച് അസോസിയേറ്റ് ഡോ. മുഹമ്മദ് അൽ ഷെരീഫ് കൂട്ടിച്ചേർത്തു.
