അബുദബി ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ താൽക്കാലികമായി നൽകിവരുന്ന പാസ്പോർട്ട്, കോൺസുലർ സേവനങ്ങൾ തേടിയെത്തുന്ന സാധാരണക്കാരായ പ്രവാസികൾ കടുത്ത യാത്രാദുരിതത്തിലും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും വലയുന്നു. പുതിയ സേവന ദാതാക്കളായ അൽ ഹിൻ്റെ അപേക്ഷാ കേന്ദ്രങ്ങൾ തുറക്കാൻ നിയമപരമായ തടസ്സങ്ങൾ കാരണം വൈകുന്നതിനാലാണ് എംബസി നേരിട്ട് സേവനങ്ങൾ നൽകാൻ തുടങ്ങിയത്. എന്നാൽ അബുദബി നഗരത്തിൽ നിന്നും വളരെ ദൂരെ, തികച്ചും ഒറ്റപ്പെട്ട ഡിപ്ലോമാറ്റിക് ഡിസ്ട്രിക്റ്റിലാണ് ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നത് എന്നത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ കടമ്പയായി മാറിയിരിക്കുകയാണ്.
എംബസി സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് ആവശ്യത്തിന് പൊതുഗതാഗത സൗകര്യങ്ങളോ ബസ് സർവീസുകളോ നിലവിലില്ല. നഗരഹൃദയത്തിൽ നിന്നും പാസ്പോർട്ട്, വിസ സംബന്ധമായ ആവശ്യങ്ങൾക്ക് എംബസിയിൽ പോകേണ്ടവർ 50 ദിർഹമിന് മുകളിൽ ചെലവഴിച്ച് ടാക്സി വിളിച്ച് പോകേണ്ട അവസ്ഥയാണിപ്പോൾ. സാധാരണക്കാരായ തൊഴിലാളികൾക്ക് ഈ തുക വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. എംബസിയിലെ ആവശ്യങ്ങൾക്ക് ശേഷം തിരികെ താമസസ്ഥലങ്ങളിലേക്ക് മടങ്ങാൻ ടാക്സികൾ ലഭ്യമാവുക എന്നത് ഈ പ്രദേശത്ത് വളരെ അപൂർവമാണ്. മണിക്കൂറുകളോളം കടുത്ത ചൂടിൽ റോഡിൽ കാത്തുനിന്നാൽ മാത്രമാണ് പലപ്പോഴും ഒരു ടാക്സി പോലും ഒത്തുകിട്ടുന്നത്. തിരികെപ്പോരാനും വീണ്ടും വലിയ തുക ടാക്സി കൂലിയായി നൽകേണ്ടി വരുന്നു.
പൂർണമായി ഔദ്യോഗിക കാര്യാലയങ്ങൾ മാത്രം പ്രവർത്തിക്കുന്ന ഒരു ഒറ്റപ്പെട്ട ഏരിയയായതിനാൽ എംബസിക്ക് സമീപപ്രദേശങ്ങളിൽ റസ്റ്റോറൻ്റുകളോ കഫ്റ്റീരിയകളോ ബക്കാലകളോ ഇല്ല. ദൂരസ്ഥലങ്ങളിൽ നിന്നും കടുത്ത ചൂടിൽ എത്തുന്നവർക്ക് ഒരു കുപ്പി വെള്ളം പോലും വാങ്ങാൻ ഇവിടെ സൗകര്യമില്ലാത്തത് പ്രായമായവർക്കും കുട്ടികൾക്കും തൊഴിലാളികൾക്കും ഒരുപോലെ ദുരിതമാകുന്നു. മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വരുന്ന ജനങ്ങൾക്ക് ഇത് ഇരട്ടി പ്രഹരമാണ് ഏൽപ്പിക്കുന്നത്.
പുതിയ അപേക്ഷാ കേന്ദ്രങ്ങൾ പൂർണ തോതിൽ സജ്ജമാകാൻ ഇനിയും സമയമെടുക്കുമെന്നതിനാൽ, അതുവരെ താൽക്കാലിക സംവിധാനമെന്ന നിലയിൽ അബുദബി നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻ്റർ അല്ലെങ്കിൽ അബുദബി ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ കോൺസുലർ സേവനങ്ങൾക്കായി താൽക്കാലിക കൗണ്ടറുകൾ സജ്ജമാക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതും ആവശ്യത്തിന് ബസ് സർവീസുകളുള്ളതുമായ ഈ കേന്ദ്രങ്ങളിൽ സംവിധാനമൊരുക്കിയാൽ യാത്രാക്ലേശം ഒഴിവാകും. ഈ വിഷയത്തിൽ എംബസി അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസി കൂട്ടായ്മകളും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.
