യുഎഇയിൽ കടുത്ത ചൂടും ഉയർന്ന ഈർപ്പവുമുള്ള കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദം പോലുള്ള താപ സംവിധാനങ്ങൾ ശക്തമാകുന്നതിനാൽ ജൂലൈ മാസത്തിൽ താപനില കുത്തനെ ഉയർന്നേക്കാം. ചില ഉൾപ്രദേശങ്ങളിൽ താപനില 43 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ട്.
കിഴക്കൻ മലനിരകളുടെ സാന്നിധ്യം കാരണം രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ മഴ പെയ്യാൻ കാരണമാകുന്ന മേഘങ്ങൾ രൂപപ്പെട്ടേക്കാം. കൂടാതെ ജൂലൈ പകുതിയോടെ അന്തർ ഉഷ്‌ണമേഖലാ സംഗമ മേഖലയുടെ സ്വാധീനത്താൽ ചില ഭാഗങ്ങളിൽ കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. ജൂലൈ മാസത്തിലെ ശരാശരി ഉയർന്ന താപനില 39.7 ഡിഗ്രി മുതൽ 43.8 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ ദീർഘകാല രേഖകൾ വ്യക്തമാക്കുന്നത്.
അറേബ്യൻ ഉപദ്വീപിൽ വേനലിന്റെ ഏറ്റവും തീവ്രമായ ഘട്ടമായ ജംറത്ത് അൽ ഖൈത്ത് അഥവാ വേനൽ ചൂടിന്റെ കൊടുമുടി ആരംഭിച്ചതായി എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു. ആഗസ്റ്റ് പത്ത് വരെയുള്ള അടുത്ത 40 ദിവസം കഠിനമായ ചൂടും വരണ്ട കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുക. മരുഭൂമിയിൽ സമും എന്നറിയപ്പെടുന്ന ചൂടുള്ള കാറ്റ് വീശാൻ ഇത് കാരണമാകും. ചില ദിവസങ്ങളിൽ താപനില സീസണൽ ശരാശരിയേക്കാൾ നാല് ഡിഗ്രി വരെ ഉയർന്നേക്കാം.
വേനൽ കടുക്കുന്ന സാഹചര്യത്തിൽ തുറസായ സ്ഥലങ്ങളിലും നിർമാണ മേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികൾ മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശരീരത്തിൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. യുഎഇ ഉൾപ്പെടെയുള്ള മിക്ക ഗൾഫ് രാജ്യങ്ങളിലും ഉച്ചക്ക് 12 മുതൽ മൂന്ന് മണി വരെ തൊഴിലാളികൾക്ക് നിർബന്ധിത ഉച്ചവിശ്രമം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കനത്ത പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കാൻ വ്യാപക പരിശോധനകളും നടക്കുന്നുണ്ട്. സെപ്റ്റംബർ അവസാനത്തോടെ മാത്രമേ മേഖലയിൽ ചൂടിന് ശമനമുണ്ടാകൂ.
