യു എ ഇ: ലൈവില്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മലയാളി വ്ലോഗർ യുഎഇയില്‍ പിടിയില്‍.
എന്റെ കാസറ്റ് എന്ന പേജിലൂടെ പ്രശസ്തനായ അബ്ദുള്‍ ഹക്കീമിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. സ്വന്തം ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്.
ലഹരി വിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. യുഎഇയില്‍ താമസ സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ കിക്ക് എന്ന ആപ്പില്‍ അബദ്ധത്തില്‍ ലൈവ് സ്ട്രീമിംഗ് ഓണ്‍ ആയതോടെയാണ് അബ്ദുള്‍ ഹക്കീം പിടിയിലായത്.
വീഡിയോ പുറത്തായതിന് പിന്നാലെ രാജ്യം വിടാനും ഇയാള്‍ ശ്രമിച്ചിരുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഷാർജ പോലീസ് ഈ സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബെംഗളൂരുവില്‍ മലയാളികളെ കുടുക്കുന്ന ലഹരി മാഫിയക്കെതിരെ എന്റെ കാസറ്റ് എന്ന പേജിലൂടെ ചെയ്ത വീഡിയോ ആണ് ഹക്കീമിനെ പ്രശസ്തിയിലേക്ക് എത്തിക്കുന്നത്. കേരളത്തിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് യുവാവിനെതിരെ എറണാകുളം സ്വദേശിനിയുടെ പരാതി നിലനില്‍ക്കുന്നുണ്ട്. കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ പൊലീസ് ജീപ്പ് ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.
ലഹരിക്കെതിരെയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും നിലകൊള്ളുന്ന മനുഷ്യാവകാശ പ്രവർത്തകനെന്ന വ്യാജേനയായിരുന്നു ഇയാളുടെ വ്ലോഗിങ് രീതി. എന്നാല്‍, ലഹരി സംഘങ്ങളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു.
