അബുദാബി: മിഡിൽ ഈസ്റ്റിലെ ക്യാൻസർ രോഗികൾക്ക് തൊറാസിക് ക്യാൻസർ ചികിത്സാ രംഗത്തെ അതിവിദഗ്ദ്ധ ശസ്ത്രക്രിയകൾ ലഭ്യമാക്കുന്നതിനായി വിപുലമായ കരാർ ഒപ്പിട്ടു. ബുർജീൽ ഹോൾഡിംഗ്സിന് കീഴിലുള്ള ബുർജീൽ മെഡിക്കൽ സിറ്റിയും യുഎസിലെ പ്രമുഖ ക്യാൻസർ ഗവേഷണ ചികിത്സാ കേന്ദ്രമായ റോസ്വെൽ പാർക്ക് കോംപ്രിഹെൻസീവ് ക്യാൻസർ സെന്ററുമാണ് തന്ത്രപ്രധാനമായ ഈ കരാറിൽ ഏർപ്പെട്ടത്. ശ്വാസകോശം, അന്നനാളം, നെഞ്ചിലെ മറ്റ് ഭാഗങ്ങൾ എന്നിവയെ ബാധിക്കുന്ന അർബുദങ്ങളുടെ ചികിത്സയ്ക്കായി അബുദാബിയിൽ അതിവിദഗ്ദ്ധ തൊറാസിക് സർജറി പ്രോഗ്രാം ആരംഭിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സങ്കീർണ്ണമായ ക്യാൻസർ ചികിത്സകൾക്കായി രോഗികൾ വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ സാധിക്കും.
ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ റോസ്വെൽ പാർക്ക് പ്രസിഡന്റും സിഇഒയുമായ ഡോ. കാൻഡിസ് എസ് ജോൺസണും ബുർജീൽ മെഡിക്കൽ സിറ്റി സിഇഒ ഡോ. മുജ്തബ അലി ഖാനും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ, റോസ്വെൽ പാർക്ക് സീനിയർ വൈസ് പ്രസിഡന്റും ചീഫ് സ്ട്രാറ്റജി ഓഫീസറും തൊറാസിക് സർജറി വിഭാഗം മേധാവിയുമായ ഡോ. സായ് യെന്ദമുരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. യുഎസിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അംഗീകാരമുള്ള രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നാണ് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസ്വെൽ പാർക്ക്.
