അബുദാബി: അബുദാബിയിലെ സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഫീസ് വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ഇനി മുതൽ വെറും ആറ് മിനിറ്റിൽ ലഭ്യമാകും. എമിറേറ്റിലെ ഏകീകൃത സർക്കാർ സേവന പ്ലാറ്റ്ഫോമായ ടമ്മ് (TAMM) വഴിയാണ് ഈ പുതിയ ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്കും സാമ്പത്തിക സഹായങ്ങൾക്കുള്ള അപേക്ഷകൾക്കും മറ്റും ഏറെ ഉപകാരപ്പെടുന്നതാണ് ഈ പരിഷ്കാരം.
യാതൊരുവിധ അധിക രേഖകളും സമർപ്പിക്കാതെ തന്നെ പൂർണ്ണമായും ഓൺലൈനായി ഈ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ സാധിക്കും. വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ആവശ്യങ്ങൾക്കും സ്കോളർഷിപ്പുകൾക്കും സാമ്പത്തിക ആനുകൂല്യങ്ങൾക്കും ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
കേവലം നാല് ലളിതമായ ഘട്ടങ്ങളിലൂടെ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. യുഎഇ പാസ് (UAE Pass) ഉപയോഗിച്ച് ലോഗിൻ ചെയ്യുക, അപേക്ഷ സമർപ്പിക്കുക, 15 ദിർഹം ഫീസ് ഡിജിറ്റലായി അടക്കുക, തുടർന്ന് സാക്ഷ്യപ്പെടുത്തിയ ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കുക എന്നിവയാണ് ഘട്ടങ്ങൾ. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സമയലാഭവും സുതാര്യതയും ഉറപ്പാക്കുന്നതാണ് പുതിയ സംവിധാനം.
