അബുദാബി: യുഎഇയിൽ ഈ വർഷത്തെ ആദ്യ ആറ് മാസത്തിനുള്ളിൽ നാഷണൽ ആംബുലൻസ് 58,781 രോഗികൾക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായി അധികൃതർ വ്യക്തമാക്കുന്നു. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 73,624 അടിയന്തര സാഹചര്യങ്ങളോടാണ് ആംബുലൻസ് സംഘം അതിവേഗം പ്രതികരിച്ചത്. രാജ്യത്ത് അടിയന്തര മെഡിക്കൽ സേവനങ്ങൾക്കായുള്ള ആവശ്യം വർദ്ധിച്ചുവരുന്നതായാണ് പുതിയ പ്രവർത്തന കണക്കുകൾ സൂചിപ്പിക്കുന്നത്.
നാഷണൽ ആംബുലൻസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ആദ്യ പകുതിയിൽ ആംബുലൻസ് കമ്മ്യൂണിക്കേഷൻ സെന്ററിൽ 1,68,659 ഫോൺ കോളുകളാണ് ലഭിച്ചത്. ഇത് പ്രതിദിനം ശരാശരി 937 കോളുകളോ മണിക്കൂറിൽ 39-ലധികം കോളുകളോ വരും. ആംബുലൻസ് ജീവനക്കാർ പ്രതിദിനം ശരാശരി 409 അടിയന്തര സംഭവങ്ങളോട് പ്രതികരിക്കുകയും, സംഭവസ്ഥലത്തോ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയോ ഓരോ ദിവസവും 326 രോഗികൾക്ക് അടിയന്തര പരിചരണം നൽകുകയും ചെയ്തിട്ടുണ്ട്.
ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപുള്ള അതിവേഗ പരിചരണവും പ്രത്യേക സംവിധാനങ്ങളും വഴി ജീവൻ രക്ഷിക്കുന്നതിൽ മികച്ച പങ്കാണ് നാഷണൽ ആംബുലൻസ് വഹിക്കുന്നത്. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും കാർഡിയാക് റീസസിറ്റേഷൻ സംവിധാനങ്ങളും സജ്ജീകരിച്ച ആംബുലൻസുകളാണ് ഇതിനായി സർവീസ് നടത്തുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആശുപത്രികളുമായി മുൻകൂട്ടി ഏകോപനം നടത്താനും ഇവർക്ക് സാധിക്കുന്നുണ്ട്.
998 എന്ന അടിയന്തര നമ്പറിലൂടെയാണ് ഈ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത്. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ഈ നമ്പറിൽ ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ നൽകണമെന്നും റോഡുകളിൽ ആംബുലൻസുകൾക്ക് മുൻഗണന നൽകി സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
