ദുബായ്: ദുബായിലേക്ക് വൻതോതില്‍ ലഹരിമരുന്ന് കടത്താനും വിതരണം ചെയ്യാനുമുള്ള അന്താരാഷ്ട്ര സംഘത്തിന്റെ നീക്കം തകർത്ത് ദുബായ് അധികൃതർ.
പരിശോധനയില്‍ ഏകദേശം 200 കിലോ ഗ്രാം തൂക്കം വരുന്ന 2,78,850 പ്രിഗബാലിൻ ലഹരി ഗുളികകള്‍ പിടിച്ചെടുക്കുകയും നാലംഗ ക്രിമിനല്‍ സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അധികൃതർ വ്യാഴാഴ്ച അറിയിച്ചു.
ദുബായ് കസ്റ്റംസും ദുബായ് പൊലീസിന്‍റെ ജനറല്‍ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആന്റി നാർക്കോട്ടിക്‌സും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്.
ഒരു ഏഷ്യൻ രാജ്യത്തു നിന്ന് ദുബായിലേക്ക് വന്ന സംശയാസ്പദമായ ഒരു കാർഗോ ഷിപ്പ്‌മെന്റിനെക്കുറിച്ച് ദുബായ് കസ്റ്റംസിന്റെ അത്യാധുനിക ഡാറ്റാ അനാലിസിസ് സംവിധാനമാണ് ആദ്യ സൂചന നല്‍കിയത്.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, സ്മാർട്ട് റിസ്ക് എഞ്ചിൻ, അഡ്വാൻസ്ഡ് ടാർഗെറ്റിംഗ് സാങ്കേതികവിദ്യ എന്നിവയുടെ സഹായത്തോടെയാണ് ഈ പരിശോധന നടന്നത്.
ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസിന്റെ 'സിയാജ്' പ്രത്യേക സുരക്ഷാ സംഘം ഈ ഷിപ്പ്‌മെന്റില്‍ വിശദമായ പരിശോധന നടത്തുകയും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1,50,600 പ്രിഗബാലിൻ ഗുളികകള്‍ ആദ്യം കണ്ടെത്തുകയും ചെയ്തു. തുടർന്ന് കസ്റ്റംസ് സംഘം വിവരം ദുബായ് പൊലീസിന്റെ ആന്റി നാർക്കോട്ടിക്സ് വിഭാഗത്തിന് കൈമാറി.
കപ്പലിലെ ലഹരിമരുന്ന് കൈപ്പറ്റാൻ യുഎഇ യ്ക്കുള്ളില്‍ കാത്തിരുന്ന സംഘത്തെ ലക്ഷ്യമിട്ടായിരുന്നു പൊലീസിന്റെ അടുത്ത നീക്കം. തന്ത്രപരമായ നീക്കത്തിലൂടെ രാജ്യത്തിനകത്തുണ്ടായിരുന്ന നാലംഗ ക്രിമിനല്‍ സംഘത്തെ പൊലീസ് വിജയകരമായി വലയിലാക്കി.
പ്രതികളെ അറസ്റ്റ് ചെയ്ത് നടത്തിയ കൂടുതല്‍ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും 1,28,250 ഗുളികകള്‍ കൂടി കണ്ടെത്താൻ കഴിഞ്ഞു. ഇതോടെ രണ്ട് ഘട്ടങ്ങളിലായി പിടിച്ചെടുത്ത മൊത്തം ലഹരി ഗുളികകളുടെ എണ്ണം 2,78,850 ആയി ഉയർന്നു.
ദുബായ് കസ്റ്റംസ് ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ റാഷിദ് ബിൻ ഹർബ് അല്‍ ഷംസി ഈ വിജയത്തെ പ്രശംസിച്ചു. കൃത്രിമ ബുദ്ധി, ഡാറ്റാ അനലിറ്റിക്‌സ്, സ്മാർട്ട് റിസ്‌ക് എഞ്ചിനുകള്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് വഴി ഉയർന്ന സുരക്ഷാ ഭീഷണിയുള്ള ഷിപ്പ്‌മെന്റുകള്‍ രാജ്യത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 💔
അതിർത്തികളില്‍ കസ്റ്റംസ് പുലർത്തുന്ന ഈ ജാഗ്രതയാണ് വൻ വിപത്തുകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
