ദുബായ്: യുഎഇയിലെ ആദ്യത്തെ പാസഞ്ചർ റെയില്‍ ശൃംഖലയായ ഇത്തിഹാദ് റെയിലില്‍ യാത്ര ചെയ്യാനൊരുങ്ങുന്നവർക്ക് ആശ്വാസമായി അബുദാബിയിലെ കണക്റ്റിങ് ഷട്ടില്‍ ബസ് സർവീസുകള്‍.
അബുദാബിയും ഫുജൈറയും തമ്മില്‍ ബന്ധിപ്പിച്ച് ദിവസേന 6 സർവീസുകളാണ് ആദ്യ ഘട്ടത്തില്‍ ഇത്തിഹാദ് റെയില്‍ നടത്തുന്നത്.
ഇതിനകം പതിനായിരത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ പദ്ധതിക്കായി, അബുദാബിയിലെ 'മുഹമ്മദ് ബിൻ സായിദ് സിറ്റി' റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാർക്ക് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് എത്താനാണ് 10 ദിർഹം നിരക്കില്‍ ഷട്ടില്‍ ബസുകള്‍ ഏർപ്പെടുത്തിയിരിക്കുന്നത്.
പാർക്കിങ് ബുദ്ധിമുട്ടുകളും ട്രാഫിക് ബ്ലോക്കും ഒഴിവാക്കി റെയില്‍ യാത്ര എളുപ്പമാക്കാൻ സഹായിക്കുന്ന ഈ ബസുകള്‍ അബുദാബിയിലെ മൂന്ന് പ്രധാന മേഖലകളിലേക്കാണ് സർവീസ് നടത്തുന്നത്. ട്രെയിൻ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഈ ബസ് സർവീസും റിസർവ് ചെയ്യേണ്ടതുണ്ട്.
നിലവില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരിട്ട് ബസ് ടിക്കറ്റ് എടുക്കാൻ സാധിക്കില്ല. ട്രെയിൻ എത്തുന്നതും പുറപ്പെടുന്നതുമായ സമയങ്ങളുമായി ഒത്തുപോകുന്ന രീതിയില്‍ ദിവസത്തില്‍ മൂന്ന് തവണയാണ് ബസുകള്‍ സർവീസ് നടത്തുക. സ്റ്റേഷനിലേക്കും തിരിച്ചും ഈ സൗകര്യമുണ്ടാകും.
കോർണിഷ് റോഡിലെ ADNOC ആസ്ഥാനം, റീം ഐലന്റിലെ റീം മാള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്റ്റേഷനിലേക്ക് രാവിലെ 7:04, ഉച്ചയ്ക്ക് 12:38, വൈകുന്നേരം 5:24 എന്നീ സമയങ്ങളില്‍ ബസുകള്‍ പുറപ്പെടും. ഇവിടെ നിന്ന് സ്റ്റേഷനിലേക്കുള്ള യാത്രാ സമയം ഏകദേശം 50 മിനിറ്റ് ആണ്.
ADNOC ഹെഡ്ക്വാർട്ടേഴ്സിന് സമീപമാണ് എമിറേറ്റ്സ് പാലസ് ഹോട്ടല്‍, ഖസർ അല്‍ വതൻ, ഇത്തിഹാദ് ടവറുകള്‍ എന്നിവയുള്ളത്. അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റിലെ ADNEC സെന്ററില്‍ നിന്ന് സ്റ്റേഷനിലേക്ക് രാവിലെ 7:29, ഉച്ചയ്ക്ക് 1:03, വൈകുന്നേരം 5:49 എന്നിങ്ങനെ സർവീസുകളുണ്ടാകും.
ഏകദേശം 30 മിനിറ്റ് ആണ് ഇതിന്റെ യാത്രാ സമയം. ബിസിനസ് യാത്രക്കാർക്ക് എക്സിബിഷൻ സെന്ററിലെ കോണ്‍ഫറൻസുകളില്‍ പങ്കെടുക്കാൻ ഈ സർവീസ് ഏറെ സഹായകരമാകും.
മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനില്‍ നിന്ന് ഈ മൂന്ന് കേന്ദ്രങ്ങളിലേക്കുമുള്ള ബസുകള്‍ ഒരേ സമയത്താണ് പുറപ്പെടുക. രാവിലെ 7:39, ഉച്ചയ്ക്ക് 1:04, രാത്രി 7:33 ഈ സമയങ്ങളിലാകും സർവീസ്.
ടൂറിസ്റ്റുകള്‍ക്കും പ്രവാസികള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കായി അബുദാബിയില്‍ എത്തുന്നവർക്കും ട്രാഫിക് ജാമുകളില്‍ പെടാതെയും അധിക ചെലവില്ലാതെയും ലക്ഷ്യസ്ഥാനങ്ങളില്‍ എത്താൻ ഇത്തിഹാദ് റെയിലിന്റെ ഈ ഫീഡർ ബസ് സർവീസ് വലിയ രീതിയില്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.
