നാളെ മുതല്‍ യു എ ഇ യിൽ ഏറ്റവും ചൂടേറിയ 'ജംറതുല്‍ ഖൈത്': 40 ദിവസത്തെ കടുത്ത വേനല്‍ക്കാലം


ദുബായ്: നാളെ മുതല്‍ രാജ്യത്ത് ഏറ്റവും ചൂടേറിയ വേനല്‍ക്കാലം. യുഎഇയിലും അറേബ്യൻ ഉപദ്വീപിലും ഈ വർഷത്തെ ഏറ്റവും കഠിനമായ വേനല്‍ക്കാല ഘട്ടം 'ജംറതുല്‍ ഖൈതിന്' നാളെ തുടക്കമാകുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി മുന്നറിയിപ്പ് നല്‍കി.

ആഗസ്റ്റ് 10 വരെയുള്ള 40 ദിവസങ്ങളില്‍ രാജ്യത്ത് കടുത്ത ചൂടും വരണ്ട കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുകയെന്ന് സൊസൈറ്റി വ്യക്തമാക്കി.

പുലർച്ചെ കിഴക്കൻ ചക്രവാളത്തില്‍ പ്രത്യേക നക്ഷത്ര സമൂഹത്തിലെ ആദ്യ നക്ഷത്രങ്ങള്‍ ഉദിച്ചുയരുന്നതോടെയാണ് പരമ്പരാഗതമായി ഈ കഠിന വേനല്‍ക്കാലം ആരംഭിക്കുന്നത്.

 ഈ 40 ദിവസങ്ങളില്‍ തീരദേശങ്ങളിലെ പകല്‍ സമയത്തെ താപനില 41°C മുതല്‍ 43°C വരെയായിരിക്കും. എന്നാല്‍ ഉള്‍പ്രദേശങ്ങളിലും മരുഭൂമികളിലും ഇത് 45-ഉം 46-ഉം ഡിഗ്രി കടക്കും. 

ശക്തമായ ഉഷ്ണ തരംഗം ഉണ്ടാകുന്ന ദിവസങ്ങളില്‍ രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ താപനില 50°C-നും മുകളിലേക്ക് ഉയർന്നേക്കാമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അല്‍ ജർവാൻ വ്യക്തമാക്കി.

പരമ്പരാഗത വേനല്‍ക്കാലത്തിന്റെ മൂന്ന് ഘട്ടങ്ങളില്‍ ഏറ്റവും തീക്ഷ്ണമായ ഘട്ടമാണ് 'ജംറതുല്‍ ഖൈത്'. 'സമൂം'എന്നറിയപ്പെടുന്ന ഉഷ്ണക്കാറ്റും കടുത്ത വരള്‍ച്ചയുമാണ് ഈ കാലയളവിന്റെ പ്രധാന പ്രത്യേകത. 

നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന ലോഹ വസ്തുക്കള്‍, വെയിലത്ത് ദീർഘനേരം പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ എന്നിവയിലെ താപനില 70°C വരെ ഉയർന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

എന്നാല്‍ ആഗസ്റ്റ് പകുതിയോടെ ഈ സീസണ്‍ അവസാനിക്കുന്ന ഘട്ടത്തില്‍ അറബിക്കടലില്‍ നിന്നുള്ള ഈർപ്പമുള്ള കാറ്റ് എത്തുന്നതോടെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് സാധ്യതയുണ്ടാകും.

വളരെ പുതിയ വളരെ പഴയ