ബ്രസ്സൽസ്: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുടെയും മേഖലയിലെ സുരക്ഷാ ആശങ്കകളുടെയും പശ്ചാത്തലത്തിൽ വിമാന കമ്പനികൾക്ക് സുപ്രധാന നിർദേശവുമായി യൂറോപ്യൻ യൂണിയൻ അവിയേഷൻ സേഫ്റ്റി ഏജൻസി (ഇഎഎസ്എ). ഗൾഫ് രാജ്യങ്ങളുടെ വ്യോമപാത ഓഗസ്റ്റ് 31 വരെ ഉപയോഗിക്കരുതെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി.
യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ ഉൾപ്പെടെയുള്ള മേഖലകളിലെ വ്യോമാതിർത്തികളിൽ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. മേഖലയിൽ ആക്രമണങ്ങളും മിസൈൽ ഭീഷണികളും തുടരുന്ന സാഹചര്യത്തിലാണ് ഇഎഎസ്എ സംഘർഷ മേഖല വിവര ബുളളറ്റിൻ നിലനിർത്താനും പുതുക്കാനും തീരുമാനിച്ചത്.
യൂറോപ്യൻ യൂണിയൻ വിമാന കമ്പനികൾക്കും യൂറോപ്പിലേക്ക് സർവീസ് നടത്തുന്ന മറ്റ് എയർലൈനുകൾക്കും ഈ സുരക്ഷാ മുന്നറിയിപ്പ് ബാധകമാണ്. പുതിയ നിർദേശത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ കൂടുതൽ സമയമെടുത്ത് സുരക്ഷിതമായ ബദൽ പാതകൾ സ്വീകരിക്കേണ്ടി വരും.
ഇത് വ്യോമയാന മേഖലയിലെ സർവീസുകളെയും യാത്രാ നിരക്കുകളെയും ബാധിച്ചേക്കാം. സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏജൻസി അറിയിച്ചു.
