യുകെയില്‍ നിന്ന് കാര്‍ഗോ ഷിപ്പ്‌മെന്റിൽ ഷാമ്പു കുപ്പികൾ: കസ്റ്റംസ് പരിശോധനയില്‍ മാരക മയക്കുമരുന്ന് പിടികൂടി


കുവൈത്ത് സിറ്റി: യുകെയില്‍ നിന്ന് ഷാമ്പൂ കുപ്പികളില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച ഒമ്പത് കിലോ ഗ്രാമോളം വരുന്ന രാസ മയക്കുമരുന്ന് ദ്രാവകം കുവൈത്ത് കസ്റ്റംസ് അധികൃതർ പിടികൂടി.

എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്‍റിലെ ടാർഗെറ്റിംഗ് ടീം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് ശേഖരം പിടിച്ചെടുത്തത്.

യുകെയില്‍ നിന്നെത്തിയ കാർഗോ ഷിപ്പ്‌മെന്‍റില്‍ സംശയം തോന്നിയതിനെ തുടർന്ന് അധികൃതർ നടത്തിയ വിശദമായ തലാഷിലാണ് ഷാമ്പൂ കുപ്പികള്‍ക്കുള്ളില്‍ ദ്രാവക രൂപത്തില്‍ സൂത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.

 കസ്റ്റംസ് പരിശോധനകള്‍ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ലഹരി മരുന്ന് ഷാമ്പൂ കുപ്പികളിലാക്കി കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരം കസ്റ്റഡിയിലെടുക്കുകയും സംഭവത്തില്‍ ഉള്‍പ്പെട്ടവർക്കെതിരെ നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കുവൈത്തിലേക്ക് അനധികൃതമായി നിരോധിത വസ്‌തുക്കള്‍ കടത്തുന്നത് തടയുന്നതിനായി ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹിന്റെ കർശന നിർദ്ദേശാനുസരണമാണ് കസ്റ്റംസ് തങ്ങളുടെ പരിശോധന ശക്തമാക്കിയത്. 

രാജ്യ സുരക്ഷയും പൊതുജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ അത്യാധുനിക സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച്‌ എല്ലാ അതിർത്തി പോയിന്റുകളിലും ലഹരി മരുന്ന് കടത്ത് തടയുന്നതിന് ശക്തമായ സുരക്ഷാ നിരീക്ഷണം തുടരുമെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ