യുഎ.ഇയിലെ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കുന്ന വിസ, പാസ്‌പോർട്ട് ഔട്ട്‌സോഴ്‌സിങ് കരാറുമായി ബന്ധപ്പെട്ട കേസില്‍ നിർണായക വിധി.
ഇന്ത്യൻ എംബസിയുടെ പുതിയ ഔട്ട്‌സോഴ്‌സിങ് കരാർ സ്വന്തമാക്കിയ അല്‍ഹിന്ദ് ടൂർസ് ആൻഡ് ട്രാവല്‍സിന് അനുകൂലമായുള്ള ‘സാങ്കേതിക മൂല്യനിർണ്ണയ’ നടപടികള്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ബുധനാഴ്ച പുറപ്പെടുവിച്ച കോടതി വിധിയുടെ പകർപ്പ് ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഈ നിർണായക വിവരം പുറത്തുവിട്ടത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങളും നടപടികളും:
ടെൻഡർ റദ്ദാക്കി: അല്‍ഹിന്ദിന് കരാർ നല്‍കാൻ അടിസ്ഥാനമാക്കിയ മുൻപത്തെ സാങ്കേതിക മൂല്യനിർണ്ണയ പ്രക്രിയയില്‍ അപാകതകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അത് റദ്ദാക്കിയത്.
പഴയ കരാറുകാർക്ക് സാധ്യത: നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ മുൻ സേവന ദാതാക്കളായ ബി.എല്‍.എസ് ഇന്റർനാഷണല്‍ ), എസ്.ജി.ഐ.വി.എസ് ഗ്ലോബല്‍ എന്നിവർക്ക് താല്‍ക്കാലികമായി കണ്‍സുലർ സേവനങ്ങള്‍ തുടരാൻ അനുമതി നല്‍കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസിലേക്ക് നയിച്ച പശ്ചാത്തലം:
കഴിഞ്ഞ വർഷം അവസാനം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുതിയ ടെൻഡർ വിളിച്ചപ്പോള്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത അല്‍ഹിന്ദിനെയായിരുന്നു പുതിയ കരാറുകാരായി തിരഞ്ഞെടുത്തത്.
എന്നാല്‍ സാങ്കേതിക മൂല്യനിർണ്ണയത്തില്‍ തങ്ങളെ വ്യക്തമായ കാരണം കൂടാതെ പുറത്താക്കി എന്ന് ആരോപിച്ച് ടെൻഡറില്‍ പങ്കെടുത്ത ഇ-ട്രാവല്‍ ടെക് , വെരാസിസ് എന്നീ കമ്പനികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ നിയമതടസ്സം കാരണം ജൂലൈ ഒന്നിന് അല്‍ഹിന്ദിന് സേവനങ്ങള്‍ ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല.
