കുവൈത്ത് സിറ്റി: രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി വിവിധ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് നിർബന്ധമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ നിയമം പുറത്തിറക്കി.
ഹോട്ടലുകള്‍, ഹോട്ടല്‍ അപ്പാർട്ട്മെന്‍റുകള്‍, ഷോപ്പിംഗ് മാളുകള്‍, വാണിജ്യ സമുച്ചയങ്ങള്‍, സഹകരണ സംഘങ്ങള്‍, റെസിഡൻഷ്യല്‍ കോംപ്ലക്സുകള്‍, ബാങ്കുകള്‍, യുവജന കേന്ദ്രങ്ങള്‍, സ്പോർട്സ്-സാംസ്കാരിക ക്ലബ്ബുകള്‍, പെട്രോള്‍ പമ്പുകള്‍, പള്ളികളും ആരാധനാലയങ്ങളും, വ്യാവസായിക മേഖലകള്‍, ഡോക്കിംഗ് ഏരിയകള്‍, ഷൂട്ടിംഗ് റേഞ്ചുകള്‍, ഗോഡൗണുകള്‍, വിലപിടിപ്പുള്ളതും അപകട സാധ്യതയുള്ളതുമായ വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ഉടമകള്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം.
ക്യാമറകളുടെ റെക്കോർഡിംഗുകള്‍ എഡിറ്റ് ചെയ്യാതെയും കുറഞ്ഞത് 120 ദിവസത്തേക്ക് സുരക്ഷിതമായി സൂക്ഷിക്കണമെന്നും ക്യാമറകള്‍ക്ക് കൃത്യമായ അറ്റകുറ്റപ്പണികളും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും നടത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.
പുതിയ നിയമവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 25580888 എന്ന വാട്‌സ്‌ആപ്പ് നമ്പറിലൂടെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
