മസ്കറ്റ്: ഒമാനിലെ അല്‍ ബുറൈമി ഗവർണറേറ്റില്‍ വിവിധയിടങ്ങളില്‍ മയക്കുമരുന്ന് കടത്തുകയും വിതരണം നടത്തുകയും ചെയ്ത കേസില്‍ ഏഷ്യൻ വംശജരായ രണ്ട് പേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ക്രിസ്റ്റല്‍ മെത്ത്, ഹെറോയിൻ, ഹാഷിഷ്, കഞ്ചാവ്, വിവിധതരം സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ പ്രതികള്‍ കൈവശം സൂക്ഷിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കടത്തുകയും വിതരണം നടത്തുകയും ചെയ്തു വരികയായിരുന്നുവെന്ന് റോയല്‍ ഒമാൻ പൊലീസിന്‍റെ മയക്കുമരുന്ന്- സൈക്കോട്രോപിക് പദാർഥ വിരുദ്ധ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.
കുവൈത്തില്‍ മദ്യവും കഞ്ചാവും പിടികൂടി
കുവൈത്തിലെ ഫർവാനിയ, അല്‍-മുത്‌ല എന്നിവിടങ്ങളില്‍ നടന്ന വ്യത്യസ്ത സുരക്ഷാ പരിശോധനകളില്‍ പ്രാദേശികമായി നിർമ്മിച്ച മദ്യവും കഞ്ചാവും പിടികൂടി.
ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാല് പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്താൻ ഉത്തരവിട്ടു. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഫർവാനിയയില്‍ നടന്ന പരിശോധനയില്‍ പ്രാദേശികമായി നിർമ്മിച്ച 7 കുപ്പി മദ്യവുമായി രണ്ട് പ്രവാസികളെയാണ് ആദ്യം സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. തുടർന്ന് അല്‍-മുത്‌ലയില്‍ നടത്തിയ മറ്റൊരു ഓപ്പറേഷനില്‍ രണ്ട് പാക്കറ്റ് കഞ്ചാവുമായി മറ്റ് രണ്ട് പ്രവാസികളെയും അധികൃതർ കസ്റ്റഡിയിലെടുത്തു.
പിടിയിലായ നാല് പ്രതികളെയും തുടർ നടപടികള്‍ക്കായി ജനറല്‍ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കണ്‍ട്രോളിന് കൈമാറിയിരുന്നു.
ഇവിടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവർ ലഹരി മരുന്ന് കടത്തുകാരോ വിതരണക്കാരോ അല്ലെന്നും മറിച്ച് സ്വന്തം ആവശ്യത്തിനായി ലഹരി ഉപയോഗിക്കുന്നവരാണെന്നും കണ്ടെത്തിയത്.
ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കേസ് പബ്ലിക് പ്രൊസിക്യൂഷന് റഫർ ചെയ്ത് നിയമ നടപടികളിലേക്ക് നീങ്ങുന്നതിന് പകരം ഇവരെ നേരിട്ട് നാടുകടത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. നാടു കടത്തപ്പെടുന്ന ഇവരുടെ പേരുകള്‍ കുവൈത്തിന്‍റെ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
