ലോകരാജ്യങ്ങളുടെ പട്ടികയിൽ ഒൻപതാമതെന്ന റെക്കോർഡ് നേട്ടവുമായി ആഗോള നിക്ഷേപകരുടെ പ്രിയ കേന്ദ്രമായ യുഎഇ


യു എ ഇ: ദുബായ് ആഗോള സാമ്പത്തിക രംഗത്ത് വൻ മുന്നേറ്റവുമായി യുഎഇ. തുടർച്ചയായ നാലാം വർഷവും റെക്കോർഡ് വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) ആകർഷിച്ചാണ് യുഎഇ ലോക രാജ്യങ്ങളെ വിസ്മയിപ്പിച്ചത്. 2025-ൽ 4,830 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് രാജ്യം സ്വന്തമാക്കിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ വർധനവാണിത്.

ഐക്യരാഷ്ട്ര സഭയുടെ വ്യാപാര-വികസന സമിതി (യുഎൻസിടിഎഡി) പുറത്തു വിട്ട ലോക നിക്ഷേപ റിപോർട്ട് പ്രകാരം ആഗോള തലത്തിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു.

ആഗോള നിക്ഷേപകരുടെയും അവസരങ്ങളുടെയും പ്രധാന കേന്ദ്രമായി യുഎഇ മാറിയെന്ന് യുഎഇ ഉപപ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. രാജ്യത്തെ ആകെ വിദേശ നിക്ഷേപ ശേഖരം (എഫ്ഡിഐ സ്റ്റോക്ക്) 1.17 ലക്ഷം കോടി ദിർഹമായി ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി. 

ഏറ്റവും കൂടുതൽ പുതിയ സംരംഭങ്ങൾ (ഗ്രീൻഫീൽഡ് പ്രോജക്ടുകൾ) ആരംഭിച്ച രാജ്യങ്ങളിൽ 1,562 പദ്ധതികളുമായി യുഎഇ തുടർച്ചയായ മൂന്നാം വർഷവും ആഗോളതലത്തിൽ രണ്ടാം സ്‌ഥാനം നിലനിർത്തി. 2031-ഓടെ വാർഷിക വിദേശ നിക്ഷേപം 24.000 കോടി ദിർഹമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും ഈ മുന്നേറ്റം ഒരുമിച്ചുള്ള ദേശീയ ദർശനത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്ഷേപ രംഗത്തെ വൈവിധ്യവൽക്കരണം

നിക്ഷേപം ഏതെങ്കിലും ഒരു മേഖലയിൽ മാത്രമായി ഒതുങ്ങാതെ വിവിധ രംഗങ്ങളിലേക്ക് വ്യാപിച്ചതാണ് 2025-ലെ സവിശേഷതയെന്ന് യുഎഇ നിക്ഷേപ കാര്യ മന്ത്രി മുഹമ്മദ് ഹസ്സൻ അൽ സുവൈദി പറഞ്ഞു. 

2021 മുതൽ 2025 വരെയുള്ള കാലയളവിൽ പ്രതിവർഷം 24 ശതമാനം എന്ന മികച്ച വളർച്ചാ നിരക്കിലാണ് യുഎഇയിലേക്ക് വിദേശ നിക്ഷേപം ഒഴുകിയെത്തിയത്.

നിക്ഷേപ നയങ്ങളിൽ വരുത്തിയ പരിഷ്കാരങ്ങളും ആഗോള പങ്കാളിത്തവും ഇതിന് കരുത്തേകി. പുതിയ പ്രോജക്ടു‌കൾക്ക് പുറമെ കമ്പനികളുടെ ലയനം, പുനർനിക്ഷേപം എന്നിവയും സജീവമായി. 

സ്‌റ്റാർട്ടപ് മേഖലയിലേക്കെത്തിയ ശരാശരി നിക്ഷേപ തുക മുൻപത്തെക്കാൾ ഇരട്ടിയായി വർധിച്ച് 3.38 കോടി ദിർഹമിലെത്തി.

യുഎഇയിലേക്ക് എത്തിയ പുതിയ ഗ്രീൻ ഫീൽഡ് പദ്ധതികളിൽ പ്രധാനമായും മൂന്ന് മേഖലകളാണ് മുന്നിട്ടു നിൽക്കുന്നത്. 

ഇതിൽ ആദ്യത്തേത് ഉൽപാദന മേഖലയാണ്. വ്യവസായ അടിത്തറ ശക്തമാക്കാനുള്ള വലിയ പദ്ധതികളുടെ കരുത്തിൽ 30 ശതമാനം നിക്ഷേപവും ഈ മേഖല സ്വന്തമാക്കി. രണ്ടാമത്തേത് വാർത്താ വിനിമയം.

 അബുദാബിയിലെ ജി42 കമ്പനിയുമായി സഹകരിച്ച് ഓപൺ എഐ അവരുടെ ആദ്യ രാജ്യാന്തര നിർമിത ബുദ്ധി കംപ്യൂട്ട് ക്ലസ്റ്ററായ "സ്റ്റാർഗേറ്റ് യുഎഇ' പ്രഖ്യാപിച്ചതോടെ 29 ശതമാനം നിക്ഷേപം ഈ രംഗത്തേക്ക് എത്തി.

ആഗോള പ്രതിഭകളുടെയും അതിസമ്പന്നരുടെയും പ്രധാന കേന്ദ്രമായി യുഎഇ മാറിയതോടെ 7 ശതമാനം നിക്ഷേപം റിയൽ എസ്റ്റേറ്റ് കൈവരിച്ചു.

 ഈ നിക്ഷേപങ്ങളിലൂടെ ഗതാഗതം, വിവര സാങ്കേതിക വിദ്യ, സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലായി 65,000-ത്തിലേറെ പുതിയ തൊഴിലവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്.

ഭാവി ലക്ഷ്യം 2031 ആഗോള തലത്തിൽ വിദേശ നിക്ഷേപങ്ങളിൽ വലിയ പ്രത്യാഘാതങ്ങളും കുറവുകളും രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് യുഎഇ ഈ തിളക്കമാർന്ന നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്.

 മധ്യ പൂർവേഷ്യൻ രാജ്യങ്ങളിലേക്ക് എത്തിയ പുതിയ നിക്ഷേപ മൂല്യത്തിന്റെ 38 ശതമാനവും യുഎഇയിലൂടെയാണ് കടന്നു പോയത്. 

2031-ഓടെ രാജ്യത്തെ ആകെ വിദേശ നിക്ഷേപ ശേഖരം 2.2 ലക്ഷം കോടി ദിർഹമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കൃത്യമായ ഒരു റോഡ്മാപ് 'നാഷനൽ ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജി' മുന്നോട്ടുവയ്ക്കുന്നുണ്ട്. 

ഇതിന്റെ ഭാഗമായി നിക്ഷേപകരെ ആകർഷിക്കുന്നതിനായി 3,670 കോടി ദിർഹം പ്രാരംഭ മൂലധനത്തോടെ ദേശീയ നിക്ഷേപ ഫണ്ടിനും യുഎഇ മന്ത്രിസഭഅംഗീകാരം നൽകിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ