കുവൈത്ത് സിറ്റി: മുൻപ് വിസ മാറ്റത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ള പ്രവാസികള്‍ക്ക്, മറ്റ് മേഖലകളിലേക്ക് വിസ മാറുന്നതിനായി അനുവദിച്ചിരുന്ന ഇളവ് കാലാവധി അവസാനിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ആകെ 27,141 വിദേശ തൊഴിലാളികള്‍ വിസ മാറ്റം വിജയകരമായി പൂർത്തിയാക്കിയതായി അതോറിറ്റി സ്ഥിരീകരിച്ചു.
2026-ലെ രണ്ടാം നമ്പർ മന്തിതല പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഈ താല്‍ക്കാലിക ഇളവ് 2026 മേയ് 1 മുതല്‍ ജൂണ്‍ 30 വരെയായിരുന്നു പ്രാബല്യത്തിലുണ്ടായിരുന്നത്.
ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിസ മാറ്റ അപേക്ഷകള്‍ രേഖപ്പെടുത്തിയത്; ഇവിടെ നിന്നും 16,048 തൊഴിലാളികളാണ് മറ്റ് മേഖലകളിലേക്ക് മാറിയത്.
മറ്റ് മേഖലകളിലെ കണക്കുകള്‍
കാർഷിക മേഖല : 4,460 തൊഴിലാളികള്‍
വ്യവസായ മേഖല: 3,300 തൊഴിലാളികള്‍
മേച്ചില്‍/വളർത്തുമൃഗ പരിപാലന മേഖല: 3,087 തൊഴിലാളികള്‍
മത്സ്യബന്ധന മേഖല : 246 തൊഴിലാളികള്‍
തൊഴില്‍ വിപണിയിലെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിലും വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിലും ഈ തീരുമാനം വൻ വിജയമായിരുന്നുവെന്ന് അതോറിറ്റി വ്യക്തമാക്കി.
പൊതുതാല്‍പ്പര്യം മുൻനിർത്തിയും തൊഴില്‍ വിപണിയിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും രാജ്യത്തിന്റെ വികസന ആവശ്യങ്ങള്‍ക്ക് അനുസൃതമായി വഴക്കം ഉറപ്പാക്കുന്നതിനുമുള്ള സർക്കാർ നിർദ്ദേശങ്ങള്‍ക്ക് വിധേയമായാണ് ഈ നടപടി സ്വീകരിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക മുൻഗണനകള്‍ക്ക് അനുസൃതമായി തൊഴില്‍ വിഭജനം ഉറപ്പാക്കാനും വർക്ക് ഫോഴ്സ് മാനേജ്മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കാനുമുള്ള വലിയ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
