ന്യൂജഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യു.എസ് റോളർ സ്കേറ്റിങ് നാഷനൽ ചാംപ്യൻഷിപ്പിൽ ചരിത്രവിജയം നേടി പതിനൊന്ന് വയസ്സുകാരി ശ്വിക അരുൺ. വേൾഡ് സ്കേറ്റ് മിനി ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് ശ്വിക ഒന്നാം സ്ഥാനം നേടി ദേശീയ ചാംപ്യനായത്. ഇതോടെ ഈ വിഭാഗത്തിൽ ആഗോള തലത്തിൽ ഒന്നാം സ്ഥാനവും യു.എസ് കിരീടവും സ്വന്തമാക്കുന്ന ആദ്യ മലയാളി ബാലിക എന്ന അപൂർവ നേട്ടം ശ്വികയ്ക്ക് സ്വന്തമായി.
കഴിഞ്ഞ നാല് വർഷമായി സ്കേറ്റിങ് രംഗത്തുള്ള ശ്വിക, പ്രതിദിനം മൂന്നു മുതൽ നാല് മണിക്കൂർ വരെ നീളുന്ന കഠിന പരിശീലനത്തിലൂടെയാണ് ഈ നേട്ടത്തിലെത്തിയത്. സംഗീതത്തിനനുസരിച്ച് ജമ്പുകളും സ്പിനുകളും ഫുട്‌വർക്കുകളും നടത്തുന്ന ഫിഗർ സ്കേറ്റിങ് വിഭാഗത്തിലാണ് നേട്ടം.
കണ്ണൂർ ചാല സ്വദേശിയായ അരുൺ ആയില്യത്ത് കീഴടത്തിന്റെയും അനീഷ കരുണന്റെയും മകളാണ് ശ്വിക. നിലവിൽ ന്യൂജഴ്‌സിയിലാണ് കുടുംബം താമസിക്കുന്നത്. സ്കേറ്റിങ്ങിന് പുറമെ ബാസ്കറ്റ് ബോൾ, സോക്കർ എന്നീ കായിക ഇനങ്ങളിലും ശ്വിക സജീവമാണ്.

