ദോഹ: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ശാശ്വത സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി ഖത്തർ നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി സൗദി അറേബ്യ, യുഎഇ, തുർക്കി എന്നീ രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങളുമായി ഫോണിൽ വിപുലമായ ചർച്ചകൾ നടത്തി.
ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സംയുക്ത നീക്കങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം. അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രപ്രകാരമുള്ള പ്രതിബദ്ധതകൾ എല്ലാ കക്ഷികളും കൃത്യമായി പാലിക്കണമെന്നും നയതന്ത്ര പാതയിൽ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം ആവർത്തിച്ചു.
ഹോർമുസ് കടലിടുക്കിൽ നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതും പ്രാദേശിക സുരക്ഷ സംരക്ഷിക്കുന്നതും അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം മേഖലയിൽ സമാധാനത്തിന് വഴിയൊരുക്കുന്ന എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ, യുഎഇ ഉപ ഭരണാധികാരി ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ, തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ എന്നിവരുമായാണ് ഖത്തർ പ്രധാനമന്ത്രി ചർച്ചകൾ നടത്തിയത്.
