യു എ ഇ: യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ ചൂടും പൊടിക്കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഒക്ടോബർ പകുതിയിലേക്ക് കടക്കുമ്പോഴും സാധാരണയേക്കാള്‍ ഉയർന്ന താപനിലയാണ് ഇപ്പോള്‍ യുഎഇയില്‍ അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 47.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത് അബുദാബി അല്‍ ദഫ്റ മേഖലയിലെ മെസൈറയിലായിരുന്നു.
ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും പുറം ജോലികളില്‍ ഏർപ്പെടുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്ത് നിലവില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെ നിർബന്ധിത ഉച്ചവിശ്രമം അനുവദിച്ചിട്ടുണ്ടെങ്കിലും രാവിലെ 11 മണിയോടെ തന്നെ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നതെന്ന് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.
നിർജ്ജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി കുറയ്ക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
വരും ദിവസങ്ങളില്‍ തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശകളില്‍ നിന്ന് മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് അന്തരീക്ഷത്തില്‍ വലിയ രീതിയില്‍ പൊടിപടലങ്ങള്‍ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമായേക്കാം.
പടിഞ്ഞാറൻ തീരപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നതിനാല്‍ കടലില്‍ പോകുന്നവരും തീരദേശവാസികളും ജാഗ്രത പാലിക്കണം.
അന്തരീക്ഷത്തില്‍ ഈർപ്പത്തിന്റെ അളവ് വർദ്ധിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ പുലർച്ചെ സമയങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞിനും മൂടിക്കെട്ടിയ അന്തരീക്ഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
മൂടല്‍മഞ്ഞ് കാരണം റോഡുകളില്‍ കാഴ്ച പരിധി കുറയാൻ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും കൃത്യമായ അകലം പാലിച്ചുമാത്രമേ വാഹനങ്ങള്‍ ഓടിക്കാവൂ എന്നും ട്രാഫിക് അധികൃതർ പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
