വ്യാജവാർത്ത നൽകിയ സംഭവം; അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനെതിരെ യുഎഇ നിയമനടപടി ആരംഭിച്ചു

 


ദുബായ്: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാജവാർത്ത പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനെതിരെ യുഎഇ ഭരണകൂടം കർശന നിയമനടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഏജൻസിയുടെ റിപ്പോർട്ടറെ പബ്ലിക് പ്രോസിക്യൂഷൻ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ മുതിർന്ന എഡിറ്റോറിയൽ മേധാവികളെയും അന്വേഷണത്തിനായി വിളിച്ചുവരുത്തും.

ദുബായ് ഡൗൺടൗണിൽ സ്ഫോടനശബ്ദം കേട്ടുവെന്ന തരത്തിൽ കഴിഞ്ഞ ദിവസമാണ് റോയിട്ടേഴ്സ് വാർത്ത നൽകിയത്. എന്നാൽ ഈ റിപ്പോർട്ട് പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കി ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ റോയിട്ടേഴ്സ് വാർത്ത പിൻവലിക്കുകയും, റിപ്പോർട്ട് തങ്ങളുടെ വാർത്താ നിലവാരത്തിന് ചേർന്നതായിരുന്നില്ലെന്നും നിജസ്ഥിതി പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും സമ്മതിച്ച് ഖേദപ്രകടനം നടത്തുകയും ചെയ്തു.

എന്നാൽ, വാർത്ത പിൻവലിച്ചതുകൊണ്ടോ ക്ഷമാപണം നടത്തിയതുകൊണ്ടോ നിയമനടപടികളിൽ നിന്ന് ഒഴിവാകാനാവില്ലെന്ന് യുഎഇ അറ്റോർണി ജനറൽ കൗൺസലർ ഡോ. ഹമദ് സെയ്ഫ് അൽശംസി വ്യക്തമാക്കി. വാർത്ത പരിശോധിച്ചവരും പ്രസിദ്ധീകരണത്തിന് അനുമതി നൽകിയവരുമായ എഡിറ്റർമാരെ വിശദമായി ചോദ്യം ചെയ്യും. കൃത്യമായ ചട്ടങ്ങൾ പാലിക്കാതെയാണ് വാർത്ത നൽകിയതെന്ന് തെളിഞ്ഞാൽ ഏജൻസി കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും അറ്റോർണി ജനറൽ കൂട്ടിച്ചേർത്തു.

 

വളരെ പുതിയ വളരെ പഴയ