ഓണാഘോഷങ്ങൾക്കായി നാട്ടിലെത്തിയ പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ കുറവ്. സെപ്റ്റംബർ പകുതിയോടെ ഭൂരിഭാഗം റൂട്ടുകളിലും ടിക്കറ്റ് നിരക്കിൽ 64 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് നേരിട്ടുള്ള വൺവേ ടിക്കറ്റുകൾക്ക് 1,600 ദിർഹത്തിലധികം (ഏകദേശം 41,632 രൂപ) ലാഭിക്കാൻ യാത്രക്കാർക്ക് സാധിക്കും.
വിവിധ റൂട്ടുകളിലെ ശരാശരി ടിക്കറ്റ് നിരക്ക് 2,089 ദിർഹത്തിൽ (54,356 രൂപ) നിന്ന് 894 ദിർഹമായി (23,262 രൂപ) താഴ്ന്നു. അതായത് നിരക്കിൽ ഏകദേശം 57 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. ബംഗളൂരുവിൽ നിന്നുള്ള ടിക്കറ്റുകൾക്കാണ് ഏറ്റവും വലിയ വ്യത്യാസം അനുഭവപ്പെടുന്നത്. ഓഗസ്റ്റിൽ 2,513 ദിർഹമായിരുന്ന (65,389 രൂപ) നിരക്ക് സെപ്റ്റംബറിൽ 914 ദിർഹമായി (23,782 രൂപ) കുറഞ്ഞു.
കേരളത്തിൽ നിന്നുള്ള പ്രവാസികൾക്കും വലിയ ആശ്വാസമാണ് ഈ വിലക്കുറവ് നൽകുന്നത്. കൊച്ചിയിൽ നിന്നുള്ള യാത്രക്കാർക്ക് 1,200 ദിർഹത്തിലധികം (31,224 രൂപ) ലാഭിക്കാം. ഓഗസ്റ്റ് 30ന് കൊച്ചിയിൽ നിന്ന് 2,272 ദിർഹമായിരുന്ന (59,118 രൂപ) നിരക്ക് സെപ്റ്റംബർ ആറിന് 1,387 ദിർഹമായും (36,090 രൂപ) സെപ്റ്റംബർ 13ഓടെ 1,057 ദിർഹമായും (27,503 രൂപ) കുറയും.
കോഴിക്കോട് നിന്നുള്ള നിരക്കുകളിലും സമാനമായ ഇടിവുണ്ട്. ഓഗസ്റ്റ് 30ന് 2,285 ദിർഹമായിരുന്ന (59,456 രൂപ) ടിക്കറ്റ് നിരക്ക് സെപ്റ്റംബർ ആറിന് 1,608 ദിർഹമായും (41,840 രൂപ) സെപ്റ്റംബർ 13ന് 1,070 ദിർഹമായും (27,841 രൂപ) കുറയും.
സമീപകാലത്തെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കായിരുന്നു ഇന്ത്യ-യുഎഇ റൂട്ടിൽ നിലനിന്നിരുന്നത്. വരും ദിവസങ്ങളിൽ ദുബായിൽ വിനോദസഞ്ചാര സീസൺ ആരംഭിക്കാനിരിക്കുന്നതിനാൽ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.
