നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് കുടുങ്ങിക്കിടന്ന മലയാളി സംഘം നാട്ടിലെത്തി. എറണാകുളം പിറവം സ്വദേശി റിനീത് മോഹൻ ഉൾപ്പെടെ 16 പേരാണ് തിരിച്ചെത്തിയത്. ഇതുവരെ സഹായം അഭ്യർത്ഥിച്ച് ഹെൽപ്പ് ഡെസ്കുകളിൽ ബന്ധപ്പെട്ടവരിൽ 45 പേർ സുരക്ഷിതരാണെന്ന് നോർക്ക അറിയിച്ചു. ഇവർ നേപ്പാളിലും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമായി കഴിയുന്നതായും നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ തുടരുന്നതായും അധികൃതർ വ്യക്തമാക്കി.
എറണാകുളം പിറവം സ്വദേശിയായ റിനീത് മോഹൻ ഈ മാസം 23-നാണ് വിനോദസഞ്ചാരത്തിനായി നേപ്പാളിലേക്ക് പോയത്. പ്രളയസമയത്ത് പൊഖാറയ്ക്കടുത്തായിരുന്ന ഇദ്ദേഹം വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ഫോൺ നഷ്ടപ്പെട്ടതിനാലാണ് ബന്ധപ്പെടാൻ സാധിക്കാതിരുന്നത്. 27-ന് ഡൽഹിയിൽനിന്ന് ട്രെയിൻ കയറിയ ഇദ്ദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തി.
കൊച്ചിയിൽ നിന്നുള്ള 14 പേരടങ്ങുന്ന സംഘവും കൊച്ചി കാക്കനാട് നിന്നും കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ ശ്രുതി ശിഖാമണിയും ഇന്ന് തിരിച്ചെത്തിയവരിൽ ഉൾപ്പെടുന്നു. പ്രളയ സമയത്ത് കഠ്മണ്ഡുവിലായിരുന്നു ശ്രുതി. അതേസമയം, ഓസ്ട്രേലിയൻ പൗരത്വമുള്ള കേരളത്തിൽനിന്നുള്ള നാലുപേർ ഉൾപ്പെടെ ഏഴു പേരെക്കുറിച്ചാണ് ഇനി വിവരം ലഭിക്കാനുള്ളത്.
ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം നോർക്ക റൂട്ട്സ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി നോർക്ക ഹെൽപ്പ് ഡെസ്കുകളിലോ ഡൽഹി എൻആർകെ ഡെവലപ്മെന്റ് ഓഫീസിലോ ബന്ധപ്പെടാം.
