കൊച്ചി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട 31 അംഗ മലയാളി സംഘം സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തി. കൊച്ചിയിൽ നിന്നുള്ള ട്രാവൽ പാക്കേജിന്റെ ഭാഗമായി നേപ്പാളിലേക്ക് പോയ സംഘം ഞായറാഴ്ച പുലർച്ചെയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. മിന്നൽ പ്രളയത്തിന്റെ നടുക്കത്തിലാണ് മടങ്ങിയെത്തിയ യാത്രക്കാർ. കണ്ണൂർ സ്വദേശികളടങ്ങുന്ന മറ്റൊരു സംഘം ഇന്ന് ഉച്ചയോടെ നാട്ടിലെത്തുമെന്നാണ് വിവരം.
അതേസമയം, ദുരന്തം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും എട്ട് മലയാളികൾ ഉൾപ്പെടെ 287 ഇന്ത്യക്കാരെക്കുറിച്ച് വിവരമൊന്നുമില്ല. മാനസസരോവർ തീർത്ഥാടനത്തിനായി കോയമ്പത്തൂർ ഈശ ഫൗണ്ടേഷനിൽ നിന്ന് പോയ 128 പേരടക്കം നിരവധി ഇന്ത്യൻ വംശജരെയും കണ്ടെത്താനുണ്ട്. അനൗദ്യോഗിക കണക്കുകൾ പ്രകാരം മൂവായിരത്തിലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതിൽ വിവിധ വൈദ്യുതി പദ്ധതി മേഖലകളിൽ ജോലി ചെയ്തിരുന്ന 933 തൊഴിലാളികളും ഉൾപ്പെടുന്നു. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
