ദുബായിലെ ടൊയോട്ട ബിൽഡിംഗ് പൊളിച്ചുമാറ്റുന്നു: അരനൂറ്റാണ്ട് പഴക്കമുള്ള നിർമ്മിതിക്ക് വിട നൽകാൻ എമിറേറ്റ്



ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകളിലൊന്നായ 'ടൊയോട്ട ബിൽഡിംഗ്' (നാസർ റഷീദ് ലൂത്ത കെട്ടിടം) പൊളിച്ചുമാറ്റുന്നു. കെട്ടിടത്തിന് അറ്റകുറ്റപ്പണികൾ നടത്താൻ ദുബായ് മുൻസിപ്പാലിറ്റി അനുമതി നൽകാത്തതിനെ തുടർന്നാണ് നിർമ്മിതി പൊളിച്ചുനീക്കാൻ തീരുമാനിച്ചത്.

1974-ൽ നിർമ്മിച്ച 15 നിലകളുള്ള ഈ റെസിഡൻഷ്യൽ കെട്ടിടത്തിന് മുകളിൽ 1981-ലാണ് വലിയ ചുവന്ന ടൊയോട്ട പരസ്യബോർഡ് സ്ഥാപിച്ചത്. ഇതോടെയാണ് കെട്ടിടത്തിന് 'ടൊയോട്ട ബിൽഡിംഗ്' എന്ന പേര് ലഭിച്ചത്. ഷെയ്ഖ് സായിദ് റോഡിന്റെ തുടക്കകാലത്തെ നിർമ്മിതികളിൽ ഒന്നായ ഈ കെട്ടിടം ദുബായുടെ നഗരവികസന ചരിത്രത്തിലെ പ്രമുഖ അടയാളമാണ്.

കെട്ടിടത്തിൽ നിയമവിരുദ്ധമായി മുറികൾ തിരിച്ച് അനധികൃതമായി നിരവധിയാളുകൾ താമസിച്ചതിനെ തുടർന്ന് അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. നിലവിൽ ഭൂരിഭാഗം താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ടെന്നും കെട്ടിടം ഉടൻ പൂർണ്ണമായും ഒഴിപ്പിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ