ദുബായിലെ ലേബർ ക്യാമ്പുകളിൽ സംയോജിത സഹകരണ വിപണികൾ സജ്ജീകരിച്ച് ദുബായ് നഗരസഭ


ദുബായ്: ലേബർ ക്യാമ്പ് മേഖലകളിൽ അനധികൃതമായി വിറ്റഴിച്ചിരുന്ന നിലവാരം കുറഞ്ഞ ഭക്ഷണസാധനങ്ങളിൽ നിന്നും മറ്റ് സേവനങ്ങളിൽ നിന്നും തൊഴിലാളികൾക്ക് മോചനം നൽകി ദുബായ് നഗരസഭയുടെ സംയോജിത സഹകരണ വിപണി പദ്ധതി. പ്രധാന തൊഴിൽ കേന്ദ്രങ്ങളിലെ 69,000-ലേറെ ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ അത്യാധുനിക വിപണന കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.

മുഹൈസിന 2, അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 3, അൽ ഖൂസ് 4 എന്നിവിടങ്ങളിൽ പദ്ധതി പൂർണ്ണമായും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ 1-ലെ വിപണി ഉടൻ തുറന്നുകൊടുക്കും. നിലവിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലായി 866 സ്റ്റാളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പച്ചക്കറി, മാംസം, മത്സ്യം എന്നിവയ്ക്ക് പുറമെ സലൂണുകൾ, തയ്യൽക്കടകൾ, കായിക വിനോദ സൗകര്യങ്ങൾ, ആരോഗ്യ ബോധവൽക്കരണ കേന്ദ്രങ്ങൾ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്.

ആറ് ലക്ഷത്തിലധികം തൊഴിലാളികൾക്ക് ഇതിനകം പ്രയോജനം ലഭിച്ച ഈ പദ്ധതിക്ക് യുകെ സേഫ്റ്റി കൗൺസിലിന്റെ അന്താരാഷ്ട്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും തൊഴിലാളികളുടെ താമസസ്ഥലത്തിന് തൊട്ടടുത്ത് തന്നെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


വളരെ പുതിയ വളരെ പഴയ