ദുബായ്:ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് വിവിധ പ്രാദേശിക, രാജ്യാന്തര വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കി. യാത്രക്കാർ തങ്ങളുടെ യാത്രയ്ക്ക് മുൻപായി വിമാനക്കമ്പനികളുടെ ഔദ്യോഗിക വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ഇത്തിഹാദ് എയർ അബുദാബി ബഹ്‌റൈൻ റൂട്ടിലെ മൂന്ന് സർവീസുകൾ നാളെ വരെ റദ്ദാക്കിയിട്ടുണ്ട്. അതേസമയം കമ്പനിയുടെ മറ്റ് സർവീസുകൾ തടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. എമിറേറ്റ്സ് എയർലൈൻസ് കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല.
എയർ അസ്താന ദുബായ്, ദോഹ സർവീസുകൾ വരും ആഴ്ചകളിലേക്കും എയർ ഫ്രാൻസ് പാരിസിൽ നിന്നുള്ള ദുബായ്, റിയാദ് വിമാനങ്ങൾ ഈ മാസം 25 വരെയും റദ്ദാക്കിയിട്ടുണ്ട്. ബ്രിട്ടിഷ് എയർവേയ്‌സ് ദുബായ്, അബുദാബി, ബഹ്റൈൻ, ദോഹ, അമ്മാൻ, തെൽ അവീവ്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ എന്ന് പുനഃസ്ഥാപിക്കുമെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല.
എയർ കാനഡ ദുബായ്, തെൽ അവീവ് സർവീസുകൾ വരുന്ന ജനുവരി വരെ നിർത്തിവെച്ചു. കെഎൽഎം എയർലൈൻസ് ദുബായ്, റിയാദ്, ദമാം സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കിയതായും അറിയിച്ചിട്ടുണ്ട്.
