അബൂദബി: യു.എ.ഇയുടെ പ്രഥമ ദേശീയ ആഭ്യന്തര പേയ്മെന്റ് കാർഡ് ശൃംഖലയായ 'ജയ്വാൻ' കാർഡുകൾ വഴി ടിക്കറ്റ് ബുക്കിംഗ് സ്വീകരിക്കുന്ന ആദ്യ വിമാനക്കമ്പനിയായി ഇത്തിഹാദ് എയർവേയ്‌സ് മാറി. യു.എ.ഇ സെൻട്രൽ ബാങ്കിന്റെ സബ്‌സിഡിയറിയായ 'അൽ ഇത്തിഹാദ് പേയ്മെന്റ്സ്' നിയന്ത്രിക്കുന്ന ഈ പദ്ധതി 2026 ജൂലൈയിലാണ് രാജ്യത്ത് ഔദ്യോഗികമായി പുറത്തിറക്കിയത്.
2025 ഒക്ടോബറിൽ ഇത്തിഹാദ് എയർവേസും അൽ ഇത്തിഹാദ് പേയ്മെന്റ്സും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ സഹകരണം യാഥാർത്ഥ്യമായത്. പദ്ധതിയുടെ അടുത്ത ഘട്ടമായി 'ജയ്വാൻ റോയൽ' കാർഡ് ഉടമകളായ ഇത്തിഹാദ് ഗസ്റ്റ് അംഗങ്ങൾക്ക് കംഫർട്ട്, ഡീലക്സ് ഫെയറുകളിൽ പ്രത്യേക ഇളവുകളും മുൻഗണനാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി ജയ്‌വാൻ കാർഡുകളുടെ വിതരണം പുരോഗമിക്കുകയാണ്.
