മസ്‌കത്ത്: ഒമാനിലെ സലാല ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ താഴെ വീണ് സഹോദരനും സഹോദരിയും മരിച്ചു. ക്യാപ്റ്റൻ അഹമ്മദ് ബിൻ ഹംദാൻ അൽ കൽബാനിയും സഹോദരിയുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഇരുപത് വയസ്സുകാരുടെ വേർപാടിൽ ഒമാൻ എയർ സ്പോർട്സ് കമ്മിറ്റി (OASC) ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി.
ദുരന്തത്തിന് പിന്നാലെ രാജ്യത്തുടനീളമുള്ള എല്ലാത്തരം പാരാഗ്ലൈഡിങ് പ്രവർത്തനങ്ങളും താൽകാലികമായി നിർത്തിവെക്കാൻ അധികൃതർ ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
