ദുബായ്: ദുബായിലേക്ക് പതിവായി യാത്ര ചെയ്യുന്നവർക്കായി അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുടെ യോഗ്യതകളും അപേക്ഷാ നടപടികളും ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) വ്യക്തത വരുത്തി. അഞ്ച് വർഷത്തെ സാധുതയുള്ള ഈ വിസ ഉപയോഗിച്ച് ഒരു പ്രവേശനത്തിൽ പരമാവധി 90 ദിവസം വരെ യു.എ.ഇയിൽ താമസിക്കാം. നിബന്ധനകൾക്ക് വിധേയമായി ഇത് 90 ദിവസത്തേക്ക് കൂടി നീട്ടാമെങ്കിലും ഒരു വർഷത്തിനിടെ ആകെ താമസം 180 ദിവസത്തിൽ കവിയരുത്.
കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റിൽ 4,000 യു.എസ്. ഡോളർ (അല്ലെങ്കിൽ തുല്യമായ തുക) ബാങ്ക് ബാലൻസ്, ആരോഗ്യ ഇൻഷുറൻസ്, റിട്ടേൺ ടിക്കറ്റ്, താമസ രേഖകൾ എന്നിവയാണ് പ്രധാന യോഗ്യതകൾ. ജി.ഡി.ആർ.എഫ്.എയുടെ ഡിജിറ്റൽ പോർട്ടൽ അല്ലെങ്കിൽ അമർ സെന്ററുകൾ വഴി വിസയ്ക്ക് അപേക്ഷിക്കാം. അപേക്ഷ അംഗീകരിച്ചാൽ ഇ-വിസ ഇമെയിൽ വഴി ലഭ്യമാകും.
