നേപ്പാൾ :നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 538 ആയി ഉയർന്നു. 320 ഇന്ത്യക്കാരെയും 100 ഇന്ത്യൻ വംശജരെയും എട്ട് മലയാളികളെയും കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും രക്ഷപ്പെടുത്തിയ 21 പേരെ നാട്ടിലെത്തിച്ചതായും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
ടിബറ്റൻ മേഖലയിലുണ്ടായിരുന്ന 96 ഇന്ത്യക്കാർ സുരക്ഷിതരായി നേപ്പാൾ ഭാഗത്തേക്ക് കടന്നു. പ്രളയത്തിൽ തകർന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 പേരെ വിജയകരമായി രക്ഷപ്പെടുത്തി. തുരങ്കങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താൻ പ്രത്യേക വിദഗ്ധ സംഘത്തെ ഇന്ത്യ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫ്. സംഘത്തെയും ബെയ്ലി പാലങ്ങളും അയക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചെങ്കിലും നിലവിൽ വിദേശ സംഘങ്ങളുടെ സഹായം ആവശ്യമില്ലെന്ന് നേപ്പാൾ വ്യക്തമാക്കി.
അതേസമയം, വീണ്ടും പ്രളയസാധ്യത മുന്നറിയിപ്പുള്ളതിനാൽ ത്രിശൂൽ മേഖലയിലെയും ടിബറ്റൻ അതിർത്തിയിലെയും തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ആയിരത്തിലധികം പേരെയാണ് പ്രളയത്തിൽ ഇനി കണ്ടെത്താനുള്ളത്.
