അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം: ബോർഡിങ് പാസുകളിലെ ഇമിഗ്രേഷൻ സ്റ്റാമ്പിങ് ഒഴിവാക്കുന്നു


 ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി ഇമിഗ്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കിക്കൊണ്ട് കേന്ദ്ര ഇമിഗ്രേഷൻ ബ്യൂറോ നിർണായക പ്രഖ്യാപനം നടത്തി. രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ബോർഡിങ് പാസുകളിൽ ഫിസിക്കലായി ഇമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കുന്ന രീതി സെപ്റ്റംബർ 1 മുതൽ പൂർണമായും ഒഴിവാക്കും.

​ഇതുവരെ യാത്രക്കാർ വിമാനത്താവളങ്ങളിൽ എത്തി പേപ്പർ ബോർഡിങ് പാസ് ഹാജരാക്കുകയും, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അതിൽ സ്റ്റാമ്പ് പതിപ്പിക്കുകയും ചെയ്യുന്നത് നിർബന്ധമായിരുന്നു. ഇത് ഇമിഗ്രേഷൻ കൗണ്ടറുകളിൽ സമയം വൈകുന്നതിനും യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾക്കും വഴിവെച്ചിരുന്നു. കൂടാതെ, സ്റ്റാമ്പ് പതിക്കുന്നതിലെ അപാകതകൾ കാരണം ബോർഡിങ് ഗേറ്റുകളിൽ പാസുകൾ സ്കാൻ ചെയ്യുമ്പോൾ തടസ്സങ്ങൾ ഉണ്ടാകുന്നതും പതിവായിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നത്.

​പുതിയ സംവിധാനമനുസരിച്ച് ഇമിഗ്രേഷൻ കൗണ്ടറുകളിൽ യാത്രക്കാർക്ക് മൊബൈൽ ഫോണുകളിലെ ഇ-ബോർഡിങ് പാസുകൾ ഹാജരാക്കാം. യാത്രക്കാരുടെ കയ്യിൽ പേപ്പർ ബോർഡിങ് പാസാണ് ഉള്ളതെങ്കിലും സ്വീകരിക്കും; എന്നാൽ അതിൽ ഇനി മുതൽ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിക്കില്ല. എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഈ മാറ്റം കൃത്യമായി നടപ്പിലാക്കാൻ എയർപോർട്ട് അതോറിറ്റിക്കും മറ്റ് സുരക്ഷാ-ഇമിഗ്രേഷൻ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പരിഷ്കാരം വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും യാത്രാനടപടികൾ വേഗത്തിലാക്കാനും സഹായിക്കും.

വളരെ പുതിയ വളരെ പഴയ