ദോഹ: ഖത്തരി വിദ്യാർത്ഥികൾക്കായി രാജ്യത്തെ 17 സ്വകാര്യ സ്കൂളുകളിലായി 3,793 സീറ്റുകൾ പൂർണ്ണമായും അധിക ഫീസുകളില്ലാതെ ലഭ്യമാക്കിയതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. മന്ത്രാലയം നൽകുന്ന എഡ്യൂക്കേഷൻ വൗച്ചർ തുകയ്ക്ക് പുറമെ രക്ഷിതാക്കൾ യാതൊരുവിധ അധിക ട്യൂഷൻ ഫീസും നൽകേണ്ടതില്ല.
അംഗീകൃത ചട്ടങ്ങൾ പ്രകാരം പ്രതിവർഷം 28,000 ഖത്തർ റിയാൽ മൂല്യമുള്ള വിദ്യാഭ്യാസ വൗച്ചർ തുക മന്ത്രാലയം തന്നെയാണ് വഹിക്കുന്നത്. സ്കൂളുകളുടെ ഫീസ് ഈ തുകയേക്കാൾ കൂടുതലാണെങ്കിൽ ബാക്കി തുക സ്കൂളുകൾ തന്നെ വഹിക്കേണ്ടതാണ്. അതിനാൽ രക്ഷിതാക്കൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവില്ല.
പദ്ധതിക്കായി നേരത്തെ നിശ്ചയിച്ചിരുന്ന 35,000 ഖത്തർ റിയാൽ പ്രതിമാസ വരുമാന പരിധി മന്ത്രാലയം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. വരുമാന പരിധിയുടെ പേരിൽ മുൻപ് നിരസിക്കപ്പെട്ട അപേക്ഷകൾ പുനഃപരിശോധിക്കും. വരുമാന മാനദണ്ഡങ്ങൾ ഇല്ലാതെ തന്നെ എല്ലാ ഖത്തരി രക്ഷിതാക്കൾക്കും ഇപ്പോൾ ഈ ആനുകൂല്യത്തിനായി അപേക്ഷിക്കാം. സ്വകാര്യ സ്കൂൾ ലൈസൻസിംഗ് വിഭാഗം വഴിയാണ് നേരിട്ട് അപേക്ഷ നൽകേണ്ടത്.
