റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ കഠിനമായ ചൂട് തുടരുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻസിഎം) മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിലും റിയാദ് മേഖലയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിലും ശക്തമായ ഉഷ്ണതരംഗം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നത്.
ജാസാൻ, അസീർ, അൽ-ബഹ, മക്ക എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തബൂക്ക്, നജ്‌റാൻ എന്നിവിടങ്ങളിൽ ശക്തമായ പൊടിയും മണലും ഉയർത്താൻ കാരണമാകുന്ന കാറ്റ് തുടരും.
മദീന, മക്ക തീരപ്രദേശങ്ങളിലും ജാസാൻ വരെയുള്ള തീരദേശ പാതയിലും പൊടിക്കാറ്റ് കാരണം ദൂരക്കാഴ്ച പൂർണ്ണമായും തടസ്സപ്പെടാൻ സാധ്യതയുണ്ട്. കാലാവസ്ഥാ സംബന്ധമായ ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ എൻസിഎമ്മിന്റെ വെബ്‌സൈറ്റും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
