അബുദബി: യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിലെ ഉപരിതല ന്യൂനമർദ്ദവും മുകളിലെ എയർ ട്രോഫും ഒന്നിക്കുന്നതാണ് രാജ്യത്തുടനീളം അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണമാകുന്നത്. വരും ദിവസങ്ങളിൽ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിലും ചില ഉൾനാടൻ മേഖലകളിലും മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.
കാലാവസ്ഥാ വ്യതിയാനങ്ങൾക്കൊപ്പം രാജ്യത്ത് ചൂടും ഉഷ്ണതരംഗവും വർദ്ധിച്ചേക്കും. ഉൾനാടൻ പ്രദേശങ്ങളിൽ പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. ലിവയിൽ 48 ഡിഗ്രിയും അബുദബി, അൽ ഐൻ, റാസൽ ഖൈമ എന്നിവിടങ്ങളിൽ 46 ഡിഗ്രിയും ദുബൈ, ഷാർജ എന്നിവിടങ്ങളിൽ 45 ഡിഗ്രിയും താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പത്തിന്റെ അളവ് 85 ശതമാനം വരെ ഉയർന്നേക്കാം.
മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് മേഘ രൂപീകരണത്തോടെ 50 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉയരുന്നതിനാൽ റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
