യുഎഇയിൽ വിമാന സർവീസുകൾ താളംതെറ്റി: ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽ യാത്രക്കാർ ദുരിതത്തിൽ

 


ദുബായ്: ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയോ മണിക്കൂറുകളോളം വൈകുകയോ ചെയ്തതിനെ തുടർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിലായി. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് ഇത് സാരമായി ബാധിച്ചത്. ചില ഇന്ത്യ സർവീസുകൾ എട്ടു മണിക്കൂറിലധികം വൈകിയാണ് സർവീസ് നടത്തുന്നത്.

കോഴിക്കോട്, കൊച്ചി, ഡൽഹി, മുംബൈ, ജയ്പൂർ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കും ടെഹ്‌റാൻ, മസ്‌കത്ത്, റിയാദ്, യൂറോപ്യൻ നഗരങ്ങൾ എന്നിവിടങ്ങളിലേക്കുമുള്ള വിമാന സർവീസുകളുമാണ് വൈകുന്നത്. ദുബായിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള സ്പൈസ് ജെറ്റ് വിമാനങ്ങൾ മണിക്കൂറുകൾ വൈകിയാണ് സമയം പുനഃക്രമീകരിച്ചത്. കൂടാതെ കോഴിക്കോട്, ജയ്പൂർ, ഡൽഹി, ലാഹോർ എന്നിവിടങ്ങളിലേക്കുള്ള ചില സ്പൈസ് ജെറ്റ്, പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് സർവീസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

അബുദാബിയിലേക്ക് മുംബൈ, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് എത്തേണ്ട വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തിയത്. നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ