മനാമ: ബഹ്റൈനും സൗദി അറേബ്യക്കുമിടയിലെ കിങ് ഫഹദ് കോസ്വേ വഴി യാത്രക്കാരെ കൊണ്ടുപോകാൻ ടാക്സി സർവീസുകൾക്ക് അനുമതി. രണ്ട് രാജ്യങ്ങളിലെയും ലൈസൻസുള്ള ടാക്സി ഡ്രൈവർമാർക്ക് സർവീസ് നടത്താമെന്ന് ബഹ്റൈൻ ഗതാഗത മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയിലെ ഗതാഗത അതോറിറ്റിയുമായും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. യാത്ര സുഗമമാക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുമാണ് ഈ നീക്കമെന്ന് ബഹ്റൈൻ ലാൻഡ് ട്രാൻസ്പോർട്ട് ആൻഡ് പോസ്റ്റ് അണ്ടർസെക്രട്ടറി ഫാത്തിമ അൽ ദാഇൻ വ്യക്തമാക്കി.
ഔദ്യോഗികമായി ലൈസൻസ് ലഭിച്ച ടാക്സികൾക്ക് മാത്രമാണ് കോസ്വേ കടക്കാൻ അനുമതിയുള്ളത്. കൂടാതെ, വാഹനങ്ങൾ അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകരുത് തുടങ്ങിയ നിർദ്ദിഷ്ട സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
