നാട്ടിലേക്ക് മടങ്ങാനിരിക്കെ സൗദിയിൽ മലപ്പുറം സ്വദേശി നിര്യാതനായി

 


നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടക്കവെ മലപ്പുറം സ്വദേശി സൗദിയിലെ അൽ ഹറൈളയിൽ മരിച്ചു. മലപ്പുറം മൂന്നിയൂർ വെളിമുക്ക് ആലങ്ങൽ സ്വദേശി കോഴിപ്പറമ്പത്ത് പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ സലാം ആണ് നിര്യാതനായത്. നാൽപ്പത്തൊന്ന്   വയസായിരുന്നു.

രാവിലെ ജോലി കഴിഞ്ഞ് മുറിയിൽ വിശ്രമിക്കുമ്പോൾ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അൽ ഹറൈളയിൽ ബഖാല ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. വിസയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങി സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയായതോടെ അടുത്ത ആഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

വിവരമറിഞ്ഞ് സഹോദരി ഭർത്താവ് ബഷീർ ജിദ്ദയിൽ നിന്ന് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ദർബ് കെഎംസിസി ചെയർമാൻ സുൽഫിക്കർ വെള്ളിയഞ്ചേരിയുടെ നേതൃത്വത്തിൽ ജിസാൻ കെഎംസിസി വെൽഫെയർ വിങ് പ്രതിനിധികൾ തുടർനടപടികൾക്ക് രംഗത്തുണ്ട്. നിലവിൽ അൽ ഖഹ്മ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ