മസ്‌കറ്റ്: ഒമാനിൽ മൊബൈൽ ഫോൺ നമ്പർ മറ്റൊരു നെറ്റ്‌വർക്കിലേക്ക് മാറ്റുന്നതിനുള്ള (നമ്പർ പോർട്ടബിലിറ്റി) നടപടിക്രമങ്ങൾ കൂടുതൽ ലളിതവും സുതാര്യവുമാക്കി ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ). 2008 മുതൽ നിലവിലുണ്ടായിരുന്ന നിയമങ്ങൾക്ക് പകരമായാണ് പുതിയ മാർഗനിർദേശങ്ങൾ അതോറിറ്റി പുറപ്പെടുവിച്ചത്.
കമ്പനി മാറാൻ ആഗ്രഹിക്കുന്ന ഉപഭോക്താവിനെ പ്രത്യേക ഓഫറുകൾ നൽകി സ്വാധീനിക്കാനോ നിലനിർത്താൻ ശ്രമിക്കാനോ നിലവിലെ സേവനദാതാക്കൾക്ക് അനുവാദമുണ്ടാകില്ലെന്ന് പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. ഉപഭോക്താവിൻ്റെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് പൂർണ സമ്മതം വാങ്ങേണ്ടത് പുതിയ സേവനദാതാവായിരിക്കും. കൂടാതെ, നിശ്ചിത സമയപരിധിക്കുള്ളിൽ നമ്പർ മാറ്റം പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.
നിലവിലെ സേവനദാതാവിന് നൽകാനുള്ള കുടിശിക തുകകളോ കരാർ ബാധ്യതകളോ എളുപ്പത്തിൽ തീർപ്പാക്കുന്നതിനായി സുരക്ഷിതമായ ഇലക്ട്രോണിക് സംവിധാനം ഒരുക്കണമെന്നും കമ്പനികളോട് ടിആർഎ നിർദേശിച്ചിട്ടുണ്ട്.
