അബഹ: സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ കിഴക്ക്-പടിഞ്ഞാറ് എണ്ണ പൈപ്പ്‌ലൈനിനു നേരെ യെമനിലെ ഹൂതി വിമതരുടെ ആക്രമണം നടന്നതായി സംശയം. ഉപഗ്രഹ ദൃശ്യങ്ങളും വലിയ തീപിടുത്തം സംബന്ധിച്ച വിവരങ്ങളും മുൻനിർത്തി അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.
പൈപ്പ്‌ലൈനിന് നേരിട്ട് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും മദീനയ്ക്ക് തെക്കുകിഴക്കുള്ള മരുഭൂമിയിൽ വലിയ തോതിലുള്ള പുകപടലം ദൃശ്യമായിട്ടുണ്ട്. കൂടാതെ നാസയുടെ എഫ്ഐആർഎംഎസ് സംവിധാനവും ഈ പ്രദേശത്ത് വലിയ താപവ്യതിയാനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഉപഗ്രഹ വിവരങ്ങൾ വഴി വലിയ തീപിടുത്തം സ്ഥിരീകരിക്കാനാകുമെങ്കിലും ഇതിന് പിന്നിൽ ആരാണെന്നത് വ്യക്തമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
സൗദിയും ഹൂതികളും തമ്മിലുള്ള സംഘർഷം ശക്തമായി തുടരുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. സൗദിയുടെ തെക്കൻ മേഖലകളായ ജസാൻ, അബഹ, നജ്‌റാൻ, ഖമീസ് മുഷൈത് എന്നിവിടങ്ങൾക്ക് നേരെ ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ യെമനിൽ സൗദി സഖ്യസേന തിരിച്ചടിയും നൽകിയിരുന്നു.
