ദുബായ്: പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ യുഎഇയിലെത്തി ജോലി അന്വേഷിക്കുന്നതിനായി വിദേശികൾക്ക് പുതിയ അവസരം നൽകുന്നു. 'വിസിറ്റ് വിസ ടു എക്സ്പ്ലോർ ജോബ് ഓപ്പർച്യൂണിറ്റീസ്' എന്ന പ്രത്യേക വിസ സേവനത്തിലൂടെയാണ് ഉദ്യോഗാർത്ഥികൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഔദ്യോഗികമായി പുറത്തുവിട്ടു.
ഉദ്യോഗാർത്ഥികളുടെ ആവശ്യാനുസരണം 60, 90, 120 ദിവസത്തെ കാലാവധിയുള്ള വിസകൾക്കായി അപേക്ഷ സമർപ്പിക്കാം. കുറഞ്ഞത് ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യമായ വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവർക്കാണ് ഈ വിസയ്ക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്. ആറ് മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്‌പോർട്ട്, സമീപകാലത്തെടുത്ത ഫോട്ടോ, സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവയാണ് ഇതിന് ആവശ്യമായ പ്രധാന രേഖകൾ.
ജിഡിആർഎഫ്എ ദുബായിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ വഴി ഓൺലൈനായി വിസ അപേക്ഷകൾ നൽകാവുന്നതാണ്. നേരിട്ട് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അമർ സെന്ററുകൾ അല്ലെങ്കിൽ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ മുഖേനയും ഈ സേവനം ലഭ്യമാകും.
