അമേരിക്കൻ ആക്രമണ ഭീഷണി: ദീർഘദൂര മിസൈൽ ശേഷി വർദ്ധിപ്പിക്കുമെന്ന് ഇറാൻ

 


തെഹ്റാൻ: ഇറാനിയൻ തീരത്ത് നിന്ന് 1,000 കിലോമീറ്റർ വരെ അകലെയായി അമേരിക്കൻ സേന നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ, തങ്ങളുടെ ദീർഘദൂര മിസൈലുകളുടെ ശേഷി വർദ്ധിപ്പിക്കുമെന്ന് ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രാമിനിയ അറിയിച്ചു. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മിസൈലുകളുടെ ദൂരപരിധി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതായും അതിനായുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഫാർസ് വാർത്താ ഏജൻസിയെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം, അമേരിക്ക നയതന്ത്ര പാത തിരഞ്ഞെടുക്കുമെന്നാണ് ഇറാൻ പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. വിദേശ അംബാസഡർമാരോടും നയതന്ത്രജ്ഞരോടും സംസാരിക്കവേയാണ് അദ്ദേഹം ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ അമേരിക്ക വീണ്ടും സൈനിക നടപടികളിലേക്ക് തിരിയുകയാണെങ്കിൽ അതിനെ നേരിടാൻ തങ്ങൾ സജ്ജമാണെന്നും സ്വയം പ്രതിരോധിക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്ക വീണ്ടും വലിയ തോതിലുള്ള സൈനിക ആക്രമണങ്ങൾ ആരംഭിക്കുകയാണെങ്കിൽ, അതിനെതിരെ മുൻപത്തേതിനേക്കാൾ ശക്തവും വിപുലവുമായ തിരിച്ചടി നൽകാൻ ഇറാൻ തയ്യാറെടുക്കുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ