ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഒക്ടോബർ 19 തിങ്കളാഴ്ച മുതൽ പ്രാദേശികമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ 20 ചൊവ്വാഴ്ച ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ അറിയിപ്പിലാണ് വരുംദിവസങ്ങളിലെ പ്രതികൂല കാലാവസ്ഥയെക്കുറിച്ച് വകുപ്പ് വ്യക്തമാക്കിയത്. തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യം ആഴ്ചയിലുടനീളം തുടർന്നേക്കാമെന്നും അറിയിപ്പിൽ പറയുന്നു.
ചൊവ്വാഴ്ചയോടെ മഴമേഘങ്ങൾ കൂടുതൽ സജീവമാകാനും ചില പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിന് കാരണമാകാനും സാധ്യതയുണ്ട്. മഴ ലഭിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ വ്യക്തമാക്കുന്ന കാലാവസ്ഥാ ഭൂപടവും വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിലെ കാലാവസ്ഥാ അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ള സാഹചര്യങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുകളും അധികൃതരുടെ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
