മസ്കറ്റ്: ഒമാനിലെ സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് പ്രമുഖ ബജറ്റ് എയർലൈനായ സലാം എയർ. വരുന്ന ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായാണ് വിവിധ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി പുതിയ പ്രതിവാര സർവീസുകൾ ആരംഭിക്കുന്നത്.
ഒക്ടോബർ 31 മുതൽ എല്ലാ ശനിയാഴ്ചകളിലും സലാല-കോഴിക്കോട് റൂട്ടിൽ സലാം എയർ സർവീസ് നടത്തും. കോഴിക്കോടിന് പുറമെ എല്ലാ ബുധനാഴ്ചകളിലും സലാലയിൽ നിന്ന് ജിദ്ദയിലേക്കും കമ്പനി പുതിയ നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
സലാലയിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന പ്രവാസി മലയാളികൾക്ക് നാട്ടിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഏറെ ആശ്വാസമാകുന്നതാണ് ഈ തീരുമാനം. സലാം എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.
