മദീന ആക്രമിക്കാൻ ശ്രമമെന്ന് സൗദി സഖ്യസേന; ആരോപണം നിഷേധിച്ച് ഹൂതികൾ, സൗദിയിൽ രണ്ടുപേർ കൊല്ലപ്പെട്ടു


ദുബായ്: സൗദി അറേബ്യയിലെ മദീനയ്ക്കു നേരെ യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ വ്യോമാക്രമണത്തിന് ശ്രമിച്ചതായി സൗദി നയിക്കുന്ന സഖ്യസേന. മദീനയ്ക്ക് മുകളിലും സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും ഹൂതികൾ അയച്ച നാല് ഡ്രോണുകൾ പ്രതിരോധ സേന തകർത്തതായി സൗദി അറിയിച്ചു. എന്നാൽ മദീനയ്ക്ക് നേരെയോ സൗദിക്കെതിരെയോ ഇത്തരത്തിൽ ഡ്രോൺ ആക്രമണം നടത്തിയിട്ടില്ലെന്ന് ഹൂതി കേന്ദ്രങ്ങൾ പ്രതികരിച്ചു.

അതേസമയം, സൗദിയിലെ ഷൈബാ എണ്ണപ്പാടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി ഊർജമന്ത്രാലയം സ്ഥിരീകരിച്ചു. യെമനിലെ ഏദനിൽ സൗദി സൈനിക ക്യാംപുകൾ ലക്ഷ്യമിട്ടും ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടന്നു. ഏദൻ വിമാനത്താവളത്തിന് സമീപമുള്ള ബദർ ക്യാംപിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. അൽ മുക്കല്ലയിലെ സൈനിക ക്യാംപിന് നേരെയും ആക്രമണമുണ്ടായി.

മേഖലയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥത വഹിക്കാമെന്ന ഇറാന്റെ നിർദേശത്തോട് സൗദിയും ഹൂതികളും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. പ്രശ്നത്തിൽ ഈജിപ്തിന്റെ ഇടപെടൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പാകിസ്ഥാൻ സൈനികമേധാവി അസിം മുനീർ ഇറാനിലെത്തി പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇറാൻ അതിർത്തിയായ ഷീബ് താൽക്കാലികമായി അടച്ചതായി ഇറാഖും അറിയിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ