ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപമാനിക്കുകയോ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയോ ചെയ്താൽ തടവുശിക്ഷയും അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാമെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി. മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ പരിഹസിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ ആയ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ജാഗ്രത പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഉള്ളടക്കത്തിന്റെ പേരിൽ നിയമപരമായ ഉത്തരവാദിത്തം വ്യക്തികൾക്കുണ്ടാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
'ദ യുഎഇ ഈസ് സേഫ് വിത്ത് യുവർ ഡിജിറ്റൽ അവെയർനെസ്' എന്ന ദേശീയ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സുരക്ഷിതവും ഉത്തരവാദിത്തപൂർണവുമായ ഡിജിറ്റൽ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം, ദുബായ് പൊലീസ്, ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (DESC) എന്നിവയുടെ സഹകരണത്തോടെയാണ് പ്രചാരണം നടത്തുന്നത്. മാന്യമായ ഓൺലൈൻ ആശയവിനിമയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോയും ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്.
യുഎഇയിലെ സൈബർ കുറ്റകൃത്യ നിയമ പ്രകാരം വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റൊരാളെ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നവർക്ക് തടവുശിക്ഷയും 2.5 ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം. സർക്കാർ ഉദ്യോഗസ്ഥരെയോ പൊതുസേവന ചുമതലയുള്ള വ്യക്തികളെയോ അവരുടെ ഔദ്യോഗിക ജോലിയുമായി ബന്ധപ്പെട്ട് അപമാനിക്കുന്നത് കുറ്റത്തിന്റെ ഗൗരവം വർധിപ്പിക്കുന്ന സാഹചര്യമായി നിയമം കണക്കാക്കുന്നു.
വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് പകരം ക്രിയാത്മകമായ ആശയവിനിമയത്തിനും പരസ്പര ബഹുമാനത്തിനും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു. ഓൺലൈൻ തട്ടിപ്പുകൾ, സാങ്കേതികവിദ്യയുടെയും കൃത്രിമബുദ്ധിയുടെയും (AI) ദുരുപയോഗം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയും സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
