കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളുടെ സംയുക്ത പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഏകീകൃത സൈനിക കമാൻഡിനായി കുവൈത്തിൽ വിപുലമായ ആസ്ഥാനം സ്ഥാപിക്കാൻ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങൾ തീരുമാനിച്ചു. പുതിയ ആസ്ഥാനത്ത് ആവശ്യമായ സൈനിക വിഭാഗങ്ങളെ വിന്യസിക്കുന്നതിനും അംഗരാജ്യങ്ങൾ അംഗീകാരം നൽകിയതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി അറിയിച്ചു.
ബഹ്റൈനിൽ നടന്ന ജിസിസി ജോയിന്റ് ഡിഫൻസ് കൗൺസിലിന്റെ 23-ാമത് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ ഗൾഫ് മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും സംയുക്ത പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും വിശദമായി ചർച്ച ചെയ്തു. മേഖലയുടെയും അംഗരാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ സൈനിക സഹകരണവും ഏകോപനവും കൂടുതൽ ശക്തമാക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.
സൗദി അറേബ്യൻ പ്രതിനിധി സംഘത്തെ നയിച്ച പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ യോഗത്തിലെ തീരുമാനങ്ങളെ സ്വാഗതം ചെയ്തു. ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധ ഏകീകരണം ശക്തിപ്പെടുത്തുന്നതിനും സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള സംയുക്ത ശേഷി വർധിപ്പിക്കുന്നതിനും ഈ നടപടികൾ സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംയുക്ത ഗൾഫ് സൈനിക പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് വിപുലമായ കമാൻഡ് സംവിധാനം ഒരുക്കുന്നതെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു. ഏപ്രിലിൽ ജിദ്ദയിൽ നടന്ന അസാധാരണ ഉച്ചകോടിയിലെ നിർദേശങ്ങളുടെ തുടർനടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുവായ ഭീഷണികളെ നേരിടാനും സംയുക്ത പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് രാജ്യങ്ങളുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനും ഇത് വഴിയൊരുക്കും.
സൗദി അറേബ്യയിലെ സാധാരണക്കാരെയും പുണ്യസ്ഥലങ്ങളെയും ലക്ഷ്യമിട്ട് ഇറാനും ഹൂതി വിമതരും നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച അൽ ബുദൈവി, ഇറാനിൽ നിന്നുള്ള ഭീഷണികളെ നേരിടുന്നതിൽ ഗൾഫ് രാജ്യങ്ങളിലെ സായുധ സേനകൾ പ്രകടിപ്പിച്ച കാര്യക്ഷമതയെ അഭിനന്ദിച്ചു. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണെന്നും സൗദി അറേബ്യയോട് ജിസിസി രാജ്യങ്ങൾ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് രാജ്യങ്ങളുടെ കര, വ്യോമ, സമുദ്ര അതിർത്തികൾ സംരക്ഷിക്കുന്നതിനായി 2013 ഡിസംബറിലെ കുവൈത്ത് ജിസിസി ഉച്ചകോടിയിലാണ് ഏകീകൃത സൈനിക കമാൻഡ് രൂപീകരിക്കാൻ തീരുമാനിച്ചത്. പുതിയ ആസ്ഥാനം നിലവിൽ വരുന്നതോടെ ഇതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാകും.
