ഇറാന് എതിരെയുള്ള യുദ്ധച്ചെലവ് ഇസ്രയേലും ഗൾഫ് രാജ്യങ്ങളും നൽകണം: ഡൊണാൾഡ് ട്രംപ്


വാഷിങ്‌ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികളിൽ അമേരിക്ക ചെലവാക്കിയ ശതകോടിക്കണക്കിന് ഡോളറിന്റെ മുഴുവൻ യുദ്ധച്ചെലവും ഇസ്രയേലും ഗൾഫ് രാജ്യങ്ങളും അടങ്ങുന്ന പശ്ചിമേഷ്യൻ സഖ്യകക്ഷികൾ തിരിച്ചടയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യൻ രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് സിബിഎസ് ന്യൂസിന്റെ 60 മിനിറ്റ്‌സ് അഭിമുഖത്തിലാണ് ട്രംപ് തൻ്റെ നിലപാട് വ്യക്തമാക്കിയത്.

ഞങ്ങൾ നടത്തിയ ഈ യുദ്ധച്ചെലവിന്റെ ഓരോ ഡോളറും അവർ തിരിച്ചടയ്ക്കണമെന്നും ആ പണം മുഴുവൻ അമേരിക്ക തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞു. തങ്ങൾ നൽകുന്ന സൈനിക സുരക്ഷ സൗജന്യമല്ലെന്നും പണം തിരിച്ചുതരണമെന്ന കാര്യം ഔദ്യോഗികമായി സഖ്യരാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക ഇല്ലായിരുന്നെങ്കിൽ ഇന്ന് ഇസ്രയേൽ എന്നൊരു രാജ്യം തന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് അവകാശപ്പെട്ട ട്രംപ്, ഇറാന്റെ ആണവ കേന്ദ്രങ്ങൾ അമേരിക്കൻ ബി-2 ബോംബറുകൾ ഉപയോഗിച്ച് തകർത്തതുകൊണ്ടാണ് ഇസ്രയേൽ സുരക്ഷിതമായതെന്നും അതിന് അവർ പണം നൽകാൻ കടപ്പെട്ടവരാണെന്നും വാദിച്ചു.

ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകളുടെ സുരക്ഷയ്ക്കായി അമേരിക്കൻ നാവികസേനയെ വിന്യസിച്ചത് വൻ സാമ്പത്തിക ബാധ്യതയാണെന്ന ചോദ്യത്തിന്, ചെലവ് എത്രയായാലും അത് മുഴുവൻ സഖ്യകക്ഷികളിൽ നിന്ന് ഈടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പെന്റഗൺ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം 47.1 ബില്യൺ ഡോളറാണ് (ഏകദേശം 3.9 ലക്ഷം കോടിയിലധികം രൂപ) ഒക്ടോബർ 16 വരെ മാത്രം ഇറാനുമായുള്ള യുദ്ധത്തിന് യുഎസ് സൈന്യം ചെലവഴിച്ചത്. മിസൈലുകൾക്കായാണ് ഇതിൽ വലിയൊരു തുക ചെലവായത്.

അടുത്തിടെ നടന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതിന് കാരണം ഇറാനുമായുള്ള യുദ്ധവും ഇന്ധന വിലക്കയറ്റവുമാണെന്ന് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സമ്മതിച്ചിരുന്നു. ആഭ്യന്തരമായി കടുത്ത സാമ്പത്തിക-രാഷ്ട്രീയ സമ്മർദ്ദത്തിലായ ട്രംപ് യുദ്ധച്ചെലവ് സഖ്യകക്ഷികളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെങ്കിലും, ഇത്തരത്തിൽ തുക നൽകാൻ ഔദ്യോഗിക കരാറുകളൊന്നുമില്ലാത്തതിനാൽ ട്രംപിന്റെ ഭീഷണി വൻ അന്താരാഷ്ട്ര നയതന്ത്ര തർക്കങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ